പ്രളയാനന്തര കുട്ടനാട്
സോണിച്ചൻ വർഗീസ്
Monday, August 11, 2025 6:55 AM IST
കുട്ടനാടൻ ഭൂപ്രദേശങ്ങളിലെ മണ്ണിന്റെ സ്വാഭാവിക ഘടനയ്ക്ക് 2018ലെ പ്രളയത്തിനുശേഷം മാറ്റം സംഭവിച്ചിട്ടുണ്ട്. നദികളിലും ആറുകളിലും തോടുകളിലും കായലുകളിലും ടൺകണക്കിന് എക്കൽ അടിഞ്ഞത് മൂലം ജലവാഹക ശേഷിയും സ്വാഭാവിക നീരൊഴുക്കും തടസപ്പെട്ടിരിക്കുന്നു.
ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. നിരന്തരമായുള്ള വെള്ളപ്പൊക്കം മണ്ണിന്റെ രാസഘടനയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ മൂലം ഔഷധസസ്യങ്ങൾ നശിക്കുന്നുണ്ട്. കൂടാതെ പ്ലാവ്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും നശിക്കുകയാണ്. നിരന്തരമായ വെള്ളപ്പൊക്കം മൂലം കുട്ടനാട്ടിലെ ആറുകളിലും തോടുകളിലും കായലുകളിലും ഉണ്ടായിരുന്ന മത്സ്യങ്ങൾക്കും വംശനാശം സംഭവിക്കുന്നുണ്ട്.
2018ലെ പ്രളയത്തിനു ശേഷം കുട്ടനാട്ടിൽ ഉണ്ടായ വേറൊരു മാറ്റം മേയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതാണ്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പാടശേഖരങ്ങളുടെ ഇടയിൽകൂടി പോകുന്ന പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്നു. മെഡിക്കൽ എമർജൻസി ഉണ്ടായാൽ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മികച്ച ചികിത്സ നൽകുന്നതിനും സാധിക്കാതെ വരികയും മനുഷ്യ ജീവനുകൾ നഷ്ടമാവുകയും ചെയ്യുന്നു.
കുട്ടനാട്ടിൽ വേണ്ടത് ദീർഘവീക്ഷണത്തോടുള്ള പദ്ധതികളാണ്. അതിനുവേണ്ടി കുട്ടനാടിനെ ഒന്നായിക്കണ്ടുള്ള ജല മാനേജ്മെന്റ് സിസ്റ്റം ആവശ്യമാണ്. കൂടാതെ കുട്ടനാടിനു വേണ്ടി വിശാല കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റി രൂപീകരിക്കുകയും അതിന്റെ തലപ്പത്ത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പ്രാഗല്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥനെ നിയമിക്കുകയും വേണം. ആറുകളിലും തോടുകളിലും കായലുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ വാരിമാറ്റി ജലവാഹകശേഷി കൂട്ടുകയും ഇങ്ങനെ കിട്ടുന്ന എക്കൽ ഉപയോഗിച്ച് പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുകയും വേണം.
കിഴക്കൻ വെള്ളത്തിന്റെ വരവ് തുടങ്ങുമ്പോൾതന്നെ വരുന്ന അധികജലം ഒഴുകിപ്പോകാനുള്ള സജ്ജീകരണങ്ങൾ തോട്ടപ്പള്ളി സ്പിൽവേയിലും തണ്ണീർമുക്കം ബണ്ടിലും ബാക്കിയുള്ള പൊഴികളിലും ചെയ്തിരിക്കണം. തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തുറന്നിരിക്കുന്ന അവസരങ്ങളിൽ കുട്ടനാട്ടിൽ വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്കം ഒഴിവാക്കാൻ വേലിയേറ്റ വേലിയിറക്കങ്ങൾക്കനുസൃതമായി ഷട്ടറുകൾ ക്രമീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കണം.