രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ സ്ഫോടനാത്മകം: എം.എ. ബേബി
Monday, August 11, 2025 6:45 AM IST
തൃശൂർ: ബിജെപി ഭരണത്തിന്റെ അനുബന്ധംപോലെയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കമ്മീഷൻ കഴിഞ്ഞദിവസം ഡൽഹിയിൽ വിളിച്ചിരുന്നു. ആറു മാസത്തിനുപകരം രണ്ടു ദിവസമെങ്കിലും ബൂത്ത് പരിധിയിൽ താമസിച്ചവരെ വോട്ടർപട്ടികയിൽ ചേർക്കാമെന്നാണു കമ്മീഷൻ നിർദേശംനൽകിയത്. മറുഭാഗത്ത് സ്പെഷൽ ഇന്റൻസീവ് റിവിഷൻ(എസ്ഐആർ)വഴി കൂട്ടത്തോടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും എം.എ. ബേബി ആരോപിച്ചു.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി മുപ്പതിനായിരത്തിൽ അധികം വോട്ടുകൾ കൃത്രിമായി ചേർത്തു. സമീപത്തെ മണ്ഡലങ്ങളിലുള്ളവർ വ്യാജ മേൽവിലാസങ്ങളിലായി തൃശൂർ നഗരത്തിൽ വോട്ട് ചേർത്തു. ഇവർ രണ്ടു മണ്ഡലങ്ങളിലും വോട്ട് ചെയ്തു.
പ്രതിപക്ഷനേതാവ് രാഹുലിന്റെ വെളിപ്പെടുത്തലുകൾ സ്ഫോടനാത്മകമാണ്. വിഷയത്തിൽ മറുപടി പറയണമെന്ന് രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലമായി എഴുതിത്തരണമെന്നാണു മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായി സുപ്രീംകോടതി നിർദേശം വച്ചിരുന്നു. അതു തള്ളി തങ്ങൾക്ക് വിധേയരായ മൂന്നുപേരെയാണ് മോദിസർക്കാർ നിയോഗിച്ചത്.
വോട്ടർപട്ടികയുടെ അതിവേഗ പുനർരൂപീകരണമായ സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ഏറ്റെടുക്കുന്നതിനുമുന്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികളോടു ചർച്ച നടത്തണമായിരുന്നു. ഈ പ്രത്യേകരീതി ബിഹാറിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. മാധ്യമങ്ങളിലൂടെയാണിതു പുറത്തറിഞ്ഞത്. രഹസ്യാത്മകമായി ചെയ്യുന്നതിൽ ദുരൂഹതയുണ്ട്. വോട്ടർപട്ടികയിൽനിന്ന് അർഹരാരും പുറത്താകില്ലെന്നു കമ്മീഷൻ പറയുന്നു.
വോട്ടർപട്ടികയിൽനിന്ന് കൂട്ടത്തോടെ ഒഴിവാക്കാനാണോ അതോ അർഹരെ ചേർക്കാനാണോ നടപടിയെന്നു സുപ്രീംകോടതി കമ്മീഷനോടു ചോദിച്ചിരുന്നെന്നും ബേബി പറഞ്ഞു.