മുത്തശിയുടെ സുഹൃത്ത് ലഹരി നല്‍കിയിട്ടില്ലെന്നു കുട്ടി ; മൊഴിമാറ്റത്തില്‍ പുലിവാലു പിടിച്ച് പോലീസ്
Monday, August 11, 2025 6:44 AM IST
കൊച്ചി: കത്തി കാട്ടി ഭീഷണിപ്പെടുത്തി മുത്തശിയുടെ സുഹൃത്ത് മദ്യവും കഞ്ചാവും നല്‍കിയെന്ന കേസില്‍ മൊഴി മാറ്റി പതിനാലുകാരന്. നേരത്തേ പോലീസിനു നല്കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ പുതിയ മൊഴി. ഇതോടെ കേസ് പോലീസിനും തലവേദനയായി.
അതിനിടെ പരാതിക്കു പിന്നാലെ ഒളിവില്‍പ്പോയ കേസിലെ ആരോപണവിധേയനായ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ പ്രബിനെ(40) എറണാകുളം നോര്‍ത്ത് പോലീസ് ഇന്നലെ കൊച്ചിയില്‍നിന്നു പിടികൂടി. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
പിന്നാലെ കുട്ടി മൊഴി മാറ്റിയതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. കുട്ടി മൊഴി മാറ്റാനിടയായ സാഹചര്യവും നേരത്തേ എന്തുകൊണ്ടാണ് അത്തരത്തിലൊരു മൊഴി നല്കിയെന്നതും പോലീസ് വിശദമായി അന്വേഷിക്കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
മുത്തശിയുടെ സുഹൃത്തായ പ്രബിന് കത്തികാട്ടി ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നല്‍കിയെന്നായിരുന്നു കുട്ടിയുടെ മൊഴി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയിലാണു പോലീസ് കേസെടുത്തത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിയുന്ന കുട്ടി നഗരത്തിലെ ഒരു സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അമ്മയ്ക്കും മുത്തശിക്കുമൊപ്പം വാടകവീട്ടിലാണു താമസം. 58കാരിയായ മുത്തശിയെ പ്രബിന് ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 2024 ഡിസംബര്‍ 24ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത് ഇയാള്‍ അവിടെയെത്തി.
കുട്ടിയുടെ മുന്നില്‍ വച്ച് മദ്യം കുടിച്ചശേഷം ബട്ടണ്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ കത്തിവച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പിന്നീട് കുട്ടിയുടെ ജന്മദിനമായ കഴിഞ്ഞ ജനുവരി നാലിന് വൈകുന്നേരത്തോടെ വീട്ടിലെത്തി അടുക്കളയില്‍ വച്ച് കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി കഞ്ചാവ് ബീഡി വലിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു മൊഴി.
കുട്ടി സ്കൂളിലെ സുഹൃത്തിനോടു കാര്യങ്ങള്‍ പറഞ്ഞതിനു പിന്നാലെ സുഹൃത്ത് സ്വന്തം അമ്മയെ അറിയിച്ചശേഷം കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിക്ക് കൗണ്‍സലിംഗ് അടക്കം നല്കിവരുന്നതിനിടെയാണു മൊഴിമാറ്റം.