അവധിയിൽ വലഞ്ഞ് അധ്യയനം
റവ. ഡോ. ജോബി ആന്റണി മൂലയിൽ
Monday, August 11, 2025 6:55 AM IST
ലോകത്തിനു മുമ്പിൽ എന്നും വിസ്മയമായി നിലകൊള്ളുന്ന ഈ നാട്ടിൽ കഠിനാധ്വാനത്തിലൂടെയും കൂട്ടായ്മയിലൂടെയും കൃഷിയിടവും താമസസ്ഥലങ്ങളും ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും കുട്ടനാടൻ മക്കൾ ഒരുക്കി. എന്നാൽ ഇപ്പോൾ മധ്യകേരളത്തിൽ എവിടെ മഴ പെയ്താലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ വെള്ളം മുഴുവൻ കുട്ടനാട്ടിലേക്ക് ഒഴുകി കുട്ടനാട്ടിനെ മുക്കിക്കളയുന്ന അവസ്ഥയുണ്ട്.
കുട്ടനാട്ടിലെത്തുന്ന ജലം ഒഴുകിപ്പോകാൻ മാർഗങ്ങളില്ലാതെ കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന ജലം മാലിന്യം നിറഞ്ഞ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റന് ഏറ്റവും കൂടുതൽ സ്കൂളുകളുള്ളത് കുട്ടനാട്ടിലാണ്. മുമ്പ് കുട്ടികളുടെ എണ്ണത്തിലും പഠനനിലവാരത്തിലും കലാകായികരംഗത്തും മുൻപന്തിയിലായിരുന്നു കുട്ടനാടൻ സ്കൂളുകൾ. ഈ വിദ്യാലയങ്ങൾ ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. വെള്ളക്കെട്ട് മൂലം തുടർച്ചയായി അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നു.
ഇടവഴികളിലും വീട്ടിലും വെള്ളം കയറിയതിനാൽ കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ സാധിക്കുന്നില്ല. പല വിദ്യാലയങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്. മറ്റു ചില വിദ്യാലയങ്ങൾ ആകട്ടേ, ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കേണ്ടി വരുന്നു. കേരളത്തിൽ എല്ലായിടത്തും ജൂൺ രണ്ടിന് ആഘോഷമായ പ്രവേശനോത്സവത്തോടെ അധ്യയനവർഷം ആരംഭിച്ചപ്പോൾ കുട്ടനാട്ടിലെ കുട്ടികൾക്ക് വെള്ളക്കെട്ട് മൂലം സ്കൂളിലെത്താനായില്ല.
ജൂണിൽ 20 പ്രവൃത്തിദിനങ്ങളിൽ കുട്ടനാട്ടിലെ സ്കൂളുകളിൽ 10 ദിവസം മാത്രമാണ് ക്ലാസുകൾ നടന്നത്. ജൂലൈയിൽ 20 പ്രവൃത്തി ദിനങ്ങളിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ പല മേഖലയിലും അവധിയായിരുന്നു.
ക്ലാസുകൾ നടന്ന ദിവസങ്ങളിലാകട്ടേ കുട്ടികളുടെ എണ്ണം വളരെ കുറവുമായിരുന്നു. ഇപ്പോഴും വെള്ളം ഇറങ്ങാത്ത ഇടവഴിയിലൂടെ കുട്ടികളെ വള്ളത്തിലാണ് സ്കൂളിലേക്ക് എത്തിക്കുന്നത്.
കുട്ടനാട്ടിലെ സ്കൂളുകളുടെ ഭൗതികസാഹചര്യം വളരെ പരിതാപകരമായ അവസ്ഥയിലാണ്. എല്ലാവർഷവും ഉണ്ടാവുന്ന വെള്ളപ്പൊക്കം മൂലം സ്കൂളിന്റെ അടിത്തറ താഴുകയും അറ്റകുറ്റപ്പണികൾക്കായി വലിയ തുക കണ്ടെത്തേണ്ടിവരികയും ചെയ്യുന്നു. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതും പ്രശ്നമാണ്.