സിഎംഐ സഭയ്ക്ക് കെനിയയിൽനിന്നു നാലു പുതിയ വൈദികർ
Monday, August 11, 2025 6:44 AM IST
തൃശൂർ: കെനിയയിൽനിന്നു സിഎംഐ തൃശൂർ ദേവമാത പ്രോവിൻസിനുകീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജണുവേണ്ടി നാലു സിഎംഐ വൈദികർ അഭിഷിക്തരായി. ജോയൽ മതേക്ക, മാർട്ടിൻ കിസ്വിലി, സൈമണ്‍ മുട്ടൂവ, ഫിദേലിസ് ചേലേ എന്നീ നാലു ഡീക്കന്മാരാണു പൗരോഹിത്യം സ്വീകരിച്ചത്.
നെയ്റോബിയിലെ സ്യോകിമൗ സെന്റ് വെറോനിക്ക ഇടവക ദേവാലയത്തിൽ നടന്ന അഭിഷേക ശുശ്രൂഷകൾക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ വികാർ അപ്പസ്തോലിക് എമരിറ്റസ് ബിഷപ് ഡോ. റോഡ്രിഗോ മെജിയ എസ്ജെ മുഖ്യകാർമികത്വം വഹിച്ചു.
സീറോമലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിജ്നോർ രൂപത ബിഷപ് മാർ വിൻസെന്റ് നെല്ലായിപ്പറന്പിൽ, സിഎംഐ വികാർ ജനറാൾ ഫാ. ജോസി താമരശേരി സിഎംഐ, ദേവമാത പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര എന്നിവർ സഹകാർമികരായിരുന്നു.
വിവിധ പ്രൊവിൻഷ്യൽമാർ, സെന്റ് തോമസ് റീജൺ അംഗങ്ങൾ, പുരോഹിതർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ, വിശ്വാസികൾ ഉൾപ്പെടെ രണ്ടായിരത്തിലധികംപേർ പങ്കെടുത്തു. ആഘോഷങ്ങൾക്ക് ഈസ്റ്റ് ആഫ്രിക്ക സിഎംഐ സെന്റ് തോമസ് റീജൺ സുപ്പീരിയർ ഫാ. ജോണി തച്ചുപറന്പിൽ നേതൃത്വംനൽകി. പുതിയ അഭിഷിക്തരുൾപ്പെടെ പ്രവിശ്യക്ക് കെനിയയിൽനിന്നു 14 സിഎംഐ പുരോഹിതരായി.
അഭിഷേകത്തിനു മുൻപായി നെയ്റോബിയിൽ സിഎംഐ പാൻ-ആഫ്രിക്കൻ കോണ്‍ഫറൻസ് നടന്നു. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ സേവനംചെയ്യുന്ന സിഎംഐ അംഗങ്ങളും പ്രൊവിൻഷ്യൽമാരും പങ്കെടുത്തു. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു.