അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍
Monday, August 11, 2025 6:44 AM IST
വലിയതുറ: കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാര്‍ജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സീതീഷ് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ പിടിയിലായി.
ഇന്നലെ പുലര്‍ച്ചെ നാലോടുകൂടി വിമാനമിറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വലിയതുറ പോലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍, ഇയാള്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ വിട്ടയച്ചു.
സതീഷിനെ പിടികൂടാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവന്നിരുന്ന കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ജൂലൈ 19നായിരുന്നു അതുല്യയെ ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതുല്യയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ സതീഷിനെതിരേ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിന്റെയും മറ്റ് തെളിവുകളില്ലാത്തതിന്റെയും അടിസ്ഥാനത്തിലാണ് സതീഷിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.
നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഇതിന്റെ ഫലം ലഭിക്കാനുണ്ട്.