ഓൺലൈൻ മദ്യവിൽപ്പന : ശിപാർശയുമായി വീണ്ടും ബെവ്കോ
സ്വന്തം ലേഖകൻ
Monday, August 11, 2025 7:08 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വരുമാന വർധനവിനായി മദ്യം ഓണ്‍ലൈനായി വീട്ടിൽ എത്തിക്കാൻ എത്രയും വേഗം സംവിധാനം ഒരുക്കണമെന്നു ബിവറേജസ് കോർപറേഷൻ വീണ്ടും സർക്കാരിനു ശിപാർശ നൽകി.
പൊട്ടിപ്പൊളിഞ്ഞ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കളെ ഏറെ നേരം ക്യൂ നിർത്താതെ വീടുകളിൽ ഓണ്‍ലാനായി മദ്യം എത്തിക്കാൻ സംവിധാനം ഒരുക്കിയാൽ മദ്യവിൽപ്പനയിൽ വലിയ കുതിച്ചുച്ചാട്ടമുണ്ടാകുമെന്നും ബിവറേജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരിയുടെ റിപ്പോർട്ടിൽ പറയുന്നു. മദ്യത്തിന്റെ ഓണ്‍ലൈൻ വിൽപ്പനയ്ക്കായി സ്വിഗി തയാറാണെന്നും കരാർ ഉടനടി ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും എക്സൈസ് വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഓണം മുന്നിൽകണ്ടുള്ള ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി പ്രത്യേക ആപ്പും ബെവ്കോ തയാറാക്കിയിട്ടുണ്ട്. ചട്ടത്തിൽ നിഷ്കർഷിക്കുന്നതു പോലെ ഒരാൾക്ക് മൂന്നു ലിറ്റർ വരെ മദ്യമാണ് താമസിക്കുന്നിടത്ത് എത്തിച്ചുനൽകാൻ കഴിയുക.
മദ്യത്തിന്റെ വ്യാപനത്തിനായി വൻതോതിൽ ബാർ ലൈസൻസുകൾ അടക്കം വിതരണം ചെയ്തതിനു പിന്നാലെയാണ് ഓണ്‍ലൈൻ മദ്യവിൽപ്പനയിലേക്കും സർക്കാർ തിരിയാൻ ഒരുങ്ങുന്നത്. നേരത്തേയും ഓണ്‍ലൈൻ മദ്യവിൽപ്പന സംബന്ധിച്ചു ബിവറേജസ് കോർപറേഷൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. മദ്യം ഓർഡർ ചെയ്തയാളുടെ വയസു തെളിയിക്കുന്ന തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം മാത്രമേ മദ്യം കൈമാറേണ്ടതുള്ളൂവെന്നാണ് ബിവറേജസ് കോർപറേഷൻ എംഡിയുടെ ശിപാർശയിൽ പറയുന്നത്.
ഓർഡർ ചെയ്തയാൾ സ്ഥലത്തില്ലെങ്കിൽ പകരം മദ്യം വാങ്ങാൻ വരുന്നവർക്ക് 23 വയസ് പൂർത്തിയായില്ലെങ്കിൽ ഡെലിവറി നൽകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശിപാർശയാണിതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കൂടുതൽ ഔട്ട്ലെറ്റുകൾ
തിരുവനന്തപുരം: തൃശൂരിനു പിന്നാലെ കൂടുതൽ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ബിവറേജസ് കോർപറേഷൻ.
മൂന്നാർ, കൊച്ചി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലാണ് അടുത്തതായി സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ സ്ഥാപിക്കുക. കഴിഞ്ഞ സാന്പത്തിക വർഷം 10, 000 കോടിയോളം രൂപയാണ് സർക്കാരിന് നികുതി ഇനത്തിൽ ലഭിച്ചത്. ഇത് 12,000 കോടിയാക്കി ഉയർത്താനാണ് ശ്രമം.