കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
Monday, August 11, 2025 7:08 AM IST
കാണിപ്പയ്യൂർ (കുന്നംകുളം): രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു.
കാണിപ്പയ്യൂരിൽ ഇന്നലെ വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ ചെറുകുന്ന് കുഞ്ഞിരാമൻ (83), കാറിൽ സഞ്ചരിച്ച കൂനംമൂച്ചി കുത്തൂർ വീട്ടിൽ ആന്റോയുടെ ഭാര്യ പുഷ്പ (55) എന്നിവരാണ് മരിച്ചത്. പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്റോയുടെ നില ഗുരുതരമാണ്. കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞ ആംബുലൻസിലുണ്ടായിരുന്ന അഞ്ചുപേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിരാമന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സകഴിഞ്ഞ് കണ്ണൂരിലേക്കു മടങ്ങുകയായിരുന്നു ആംബുലൻസിലുണ്ടായിരുന്നവർ. ആന്റോയും പുഷ്പയും കുന്നംകുളം വ്യാപാരഭവനിൽ മകളുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട കാർ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അനീഷ് (40), നഴ്സ് വിപിൻ (35), ചന്ദ്രൻ (60), ഷാജു (46), സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വിനോദ് കുമാർ രാമന്തളി (54) എന്നിവരാണ് കുന്നംകുളത്ത് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കാറുമായി ഇടിച്ച ആംബുലൻസ് മറിഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുന്നംകുളത്തുനിന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. റോഡിൽ ഡീസലും ചോർന്നിരുന്നു. കൂനംമൂച്ചി സ്വദേശിയായ പുഷ്പയുടെ സംസ്കാരം പിന്നീടു നടക്കും. മക്കൾ: ബ്ലസി, ബ്രിറ്റോ. മരുമകൻ: ഫെസിൻ.