പ്രതിരോധ സാമഗ്രികളുടെ നിർമാണത്തിലും കയറ്റുമതിയിലും രാജ്യത്തിനു മുന്നേറ്റം
സിജോ പൈനാടത്ത്
Monday, August 11, 2025 7:08 AM IST
കൊച്ചി: പ്രതിരോധ സാമഗ്രികളുടെ നിർമാണത്തിലും കയറ്റുമതിയിലും രാജ്യത്തിനു വലിയ മുന്നേറ്റം. 2023-24 സാമ്പത്തികവർഷത്തിൽ പ്രതിരോധ സാമഗ്രികളുടെ നിർമാണം 1.27 ലക്ഷം കോടി (15.34 ബില്യൺ യുഎസ് ഡോളർ) പിന്നിട്ടു.
പ്രതിരോധ കയറ്റുമതി ഇക്കാലയളവിൽ 21,083 കോടിയായി ഉയർന്നു. യുദ്ധവിമാനങ്ങൾ, ആധുനിക ഹെലികോപ്റ്ററുകൾ, മിസൈലുകൾ എന്നിവയുടെ നിർമാണത്തിലും കയറ്റുമതിയിലും ശ്രദ്ധേയ നേട്ടമുണ്ടാക്കിയ ഇന്ത്യ, പ്രതിരോധരംഗത്ത് സ്വയംപര്യാപ്തതയിലേക്ക് (ആത്മനിർഭർ ഭാരത്) നീങ്ങുന്നതിന്റെ സൂചനകളുമായി കേന്ദ്രസർക്കാരിന്റെ പുതിയ കണക്കുകൾ പുറത്തുവന്നു. പ്രതിരോധ സാമഗ്രി നിർമാണരംഗത്ത് 2022-23ലേക്കാൾ 16.7 ശതമാനമാണു വർധനയുണ്ടായത്. 2019-20 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുന്പോൾ 60 ശതമാനമാണ് വർധന രേഖപ്പെടുത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
21,083 കോടിയായി ഉയർന്ന പ്രതിരോധ കയറ്റുമതി 2022-23 സാമ്പത്തികവർഷത്തിലേതിനേക്കാൾ (15,920 കോടി) 32.5 ശതമാനം വർധന രേഖപ്പെടുത്തി. ഒരു ദശാബ്ദത്തിനിടെ 31 മടങ്ങ് വർധനവാണു പ്രതിരോധ കയറ്റുമതി രംഗത്തുണ്ടായത്. പ്രതിരോധരംഗത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ (ഡിപിഎസ്യു) കയറ്റുമതിയില്‍ 42.85 ശതമാനത്തിന്റെ വർധനവാണ് 2024-25ൽ ഉണ്ടായത്. ഈ മേഖലയിൽ പൊതുമേഖലാസ്ഥാപനങ്ങൾ 8,389 കോടിയുടെ കയറ്റുമതി നടത്തിയപ്പോൾ സ്വകാര്യമേഖലയുടേത് 15,233 കോടിയാണ്.
മുൻ വർഷം ഇതു യഥാക്രമം 5,874 കോടിയും 15,209 കോടിയുമായിരുന്നു.തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ എന്നിവ ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ് ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളും ഇന്ത്യൻ പ്രതിരോധ സാമഗ്രികൾ വാങ്ങുന്നുണ്ട്. 2029 ആകുമ്പോഴേക്കും രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയര്‍ത്തുകയാണു ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 80ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധസാമഗ്രികൾ കയറ്റുമതി ചെയ്യുന്നുണ്ട്.