ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ ഫുട്പാത്തിലേക്കു പാഞ്ഞുകയറി ; നാലു പേരുടെ നില അതീവ ഗുരുതരം
സ്വന്തം ലേഖകൻ
Monday, August 11, 2025 7:08 AM IST
തിരുവനന്തപുരം: ലൈസൻസ് നേടിയതിനു ശേഷം നഗരത്തിൽ ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെ കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. നാലു പേരുടെ നില അതീവ ഗുരുതരമാണ്. ഫുട്പാത്തിലെ കൈവരിയടക്കം ഇടിച്ചു തകർത്തു പാഞ്ഞുകയറിയ കാർ ഓട്ടോഡ്രൈവർമാരെയും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ തിരുവനന്തപുരം ജനറൽ ആശുപത്രിക്കു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു നഗരത്തെ നടുക്കിയ സംഭവം.
ഡ്രൈവിംഗ് പരിശീലനത്തിന്റെ ഭാഗമായി പാറ്റൂർ ഭാഗത്തു നിന്നു പാളയത്തേക്കു വരികയായിരുന്ന കാർ ജനറൽ ആശുപത്രിക്കു മുന്നിലെത്തിയപ്പോൾ നിയന്ത്രണം വിട്ടു ഫുട്പാത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.
ബ്രേക്കിനു പകരം ആക്സ ലറേറ്ററിൽ കാൽ ചവിട്ടിയതാണ് കാരണമെന്നാണു പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഇവിട ത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ പേയാട് സ്വദേശി സുരേന്ദ്രൻ, വഴയില കരകുളം സ്വദേശി ഷാഫി, ചെന്നിലോട് സ്വദേശി കുമാർ, വഴിയാത്രക്കാരായ ശ്രീപ്രിയ, ആഞ്ജനേയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രൻ, ഷാഫി, ശ്രീപ്രിയ, ആഞ്ജനേയൻ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീപ്രിയയെയും ആഞ്ജനേയനേയും കാർ ഇടിച്ചു തെറിപ്പിച്ചു.
ഓട്ടോസ്റ്റാൻഡിലെ ആദ്യ ഓട്ടോയിലെ ഡ്രൈവറായ സുരേന്ദ്രന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. പിന്നിൽ കിടന്ന ഓട്ടോറിക്ഷകളെയും ഇടിച്ചു തെറിപ്പിച്ചശേഷം ഫുട്പാത്തിന്റെ കൈവരിയിൽ ഇടിച്ചാണ് കാർ നിന്നത്. കാർ അമിത വേഗതയിലാണ് വന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുദത്താണ് കാറോടിച്ചിരുന്നത്. ഇയാൾക്കൊപ്പം ബന്ധുവായ വിജയനും കാറിൽ ഉണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കാറിലുണ്ടായിരുന്നവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കും
തിരുവനന്തപുരം: അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന രണ്ടുപേരുടെയും ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ലൈസൻസ് നേടിയ ശേഷം നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് പരിശീലനത്തിന് ഇറങ്ങിയതാണ് അപകടത്തിന്റെ ആഴം വർധിപ്പിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പരിശീലനത്തിനായി മൈതാനം പോലുള്ള തിരക്കു കുറഞ്ഞ പ്രദേശങ്ങളാണു തെരഞ്ഞെടുക്കാറുള്ളത്.
കാർ ഓടിച്ചിരുന്ന വട്ടിയൂർക്കാവ് സ്വദേശി എ.കെ. വിഷ്ണുനാഥ്, ബന്ധു വിജയൻ എന്നിവരുടെ ലൈസൻസുകളാണ് റദ്ദാക്കുക. 2019 ലാണ് വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥ് ലൈസൻസ് നേടിയത്. പിന്നീട് പഠനം കഴിഞ്ഞ് ജോലി നേടിയ ശേഷം കഴിഞ്ഞ ദിവസമാണ് പരിശീലനത്തിന് ഇറങ്ങിയത്. മൂന്നു ദിവസം ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടിയിലും തുടർന്നു വിജയന്റെ നേതൃത്വത്തിലുമായിരുന്നു പരിശീലനമെന്നാണ് ഇവരുടെ മൊഴിയിൽ നിന്നു ലഭിച്ച വിവരം.