സുനിൽകുമാർ സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ
സ്വന്തം ലേഖകൻ
Monday, August 11, 2025 7:08 AM IST
തിരുവനന്തപുരം: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗ് ക്രമക്കേടിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ ഉറച്ചു നിൽക്കുന്ന പക്ഷം ക്രമക്കേടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
തെരഞ്ഞെടുപ്പു ചട്ടം 20 അനുസരിച്ച് ക്രമക്കേടു സംബന്ധിച്ച വിവരങ്ങളുടെ രേഖകൾ സഹിതം വിവരം സമർപ്പിക്കാനാണ് വി.എസ്. സുനിൽകുമാറിനുള്ള മറുപടിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ ആവശ്യപ്പെട്ടിട്ടുള്ളത്.
സമർപ്പിക്കുന്ന തെളിവുകൾ തന്റെ അറിവിലും വിശ്വാസത്തിലും ശരിയാണെന്നും ബോധ്യമുണ്ടെന്നും തെളിവുകൾ തെറ്റാണെങ്കിൽ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 227 അനുസരിച്ച് ശിക്ഷാർഹനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വ്യാജ വോട്ടുകളുമായി ബന്ധപ്പെട്ടുന്നയിച്ച ആരോപണത്തിൽ കൃത്യമായ തെളിവ് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ സമർപ്പിക്കേണ്ടിവരും. വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയെന്നു കണ്ടെത്താൻ ആയില്ലെങ്കിൽ അദ്ദേഹത്തിനെതിരേ നിയമനടപടി വരുമെന്നു സാരം.
വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുമായി കളക്ടറോടു വിശദീകരണം തേടിയിരുന്നു.
തെരഞ്ഞെടുപ്പു സമയത്ത് അദ്ദേഹവും എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വീനർ അടക്കമുള്ളവരും നൽകിയ പരാതിയിൽ ജില്ലാ വരാണാധികാരികൂടിയായ തൃശൂർ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെക്കൊ ണ്ട് ഇക്കാര്യങ്ങൾ പരിശോധിക്കുകയും എല്ലാം സുതാര്യമാണെന്നു മറുപടി നൽകുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ കളക്ടർ നൽകിയ മറുപടിയിലുണ്ട്. തുടർന്നും വോട്ടിംഗ് ക്രമക്കേടിൽ ഉറച്ചു നിൽക്കുന്ന പക്ഷം സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം.
ആദ്യ പത്രസമ്മേളനത്തിലെ ആരോപണങ്ങൾ ജില്ലാ വരണാധികാരിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും തള്ളിയിരുന്നു. എന്നാൽ, ഇതിനു പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി വീണ്ടും സുനിൽകുമാർ രംഗത്ത് എത്തിയതിനു പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.