മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്്ടർ ഡോ. വിശ്വനാഥനെ സ്ഥിരം ഡയറക്്ടറാക്കാന് നീക്കം
Monday, August 11, 2025 6:44 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ഹാരിസ് ചിറക്കലിനെതിരേ രംഗത്തെത്തിയ ഡോ.കെ.വി. വിശ്വനാഥനെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക് ടറുടെ സ്ഥിരം തസ്തികയില്‍ നിയമിക്കാന്‍ വഴിവിട്ട നീക്കം നടക്കുന്നതായി ആരോപണം.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍വീസില്‍ ജൂണിയര്‍ ആയ ഒരാള്‍ക്ക് പാരിതോഷികമായി ഡയറക്ടറായി നിയമനം നല്‍കാനുള്ള ആരോഗ്യ മന്ത്രി തലത്തിലുള്ള നീക്കം ഉപേക്ഷിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ സംശുദ്ധി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നല്കി. പ്രന്സിപ്പല്മാരുടെ സീനിയോരിറ്റി അവഗണിച്ചാണ് നിയമനമെന്നു നിവേദനത്തില്‍ പറയുന്നു.
ഇപ്പോള്‍ ഡയറക് ടറുടെ ചുമതല വഹിക്കുന്ന ജോയിന്റ് ഡയറക്ടര്‍ ഡോ.വിശ്വനാഥന്, ഡോ.ഹാരിസിന്റെ ആരോപണങ്ങള്‍ക്കെതിരേ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്.
പത്രസമ്മേളത്തിനിടെ ഫോണിലൂടെ അവര്‍ക്ക് നിര്‍ദേശങ്ങളും നല്കി. ഇതിനുള്ള പ്രതിഫലമായാണ് സ്ഥിരം തസ്തികയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നതെന്നാണ് ആരോപണം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സര്‍ക്കാരിനോടൊപ്പം കൂടി അനര്‍ഹമായ നിരവധി ആനുകൂല്യങ്ങള്‍ നേടിയിരുന്നതായും ഇദ്ദേഹത്തെക്കുറിച്ച് ആരോപണമുണ്ട്.