വയനാട് മാതൃകാ ടൗണ്‍ഷിപ്പ് ; എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് 22.25 കോടിയുടെ കുടിശിക നല്‍കാനുണ്ടെന്ന് സര്‍ക്കാര്‍
Tuesday, August 12, 2025 1:04 AM IST
കൊച്ചി: വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് 22.25 കോടിയുടെ കുടിശിക നല്‍കാനുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇതുകൂടാതെ വിവിധയിനങ്ങളിലെ പലിശയും കണക്കാക്കാനുണ്ട്. കോടതി നിര്‍ദേശപ്രകാരം ഉപാധികളോടെ സര്‍ക്കാര്‍ കെട്ടിവച്ച 43.78 കോടി രൂപയില്‍നിന്ന് ഭൂമിക്കു നഷ്ടപരിഹാരമായി ഈ തുക കഴിച്ചു മാത്രമേ പിന്‍വലിക്കാന്‍ എല്‍സ്റ്റണ്‍ കമ്പനിയെ അനുവദിക്കാവൂവെന്നും വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍ കെട്ടിവച്ച തുക പിന്‍വലിക്കാന്‍ അനുമതി തേടി എല്‍സ്റ്റണ്‍ നല്കിയ ഉപഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.
ഉടമസ്ഥാവകാശം സംബന്ധിച്ച് സിവില്‍ കോടതിയുടെ പരിഗണനയിലുള്ള ഹർജിയില്‍ സര്‍ക്കാരിന് അനുകൂലമായ ഉത്തരവുണ്ടായാല്‍ മുഴുവന്‍ തുകയും തിരികെ കിട്ടാനുള്ള ഗാരന്റിയും കോടതി ഉറപ്പുവരുത്തണമെന്ന് വിശദീകരണത്തില്‍ ആവശ്യപ്പെടുന്നു.
നഷ്ടപരിഹാരത്തിന് തങ്ങള്‍ക്കും അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി തോരിയമ്പത്ത് നല്ലുളി പാര്‍വതി നേത്യാര് സ്മാരക ട്രസ്റ്റ് നല്കിയ ഹര്‍ജി ഭൂമിയിലെ മറ്റൊരു അവകാശത്തര്‍ക്കമാണ്. ഈ അവകാശവാദംകൂടി കോടതി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കുടിശിക ഈടാക്കുന്നതിനായി 0.4047 ഹെക്ടര്‍ സര്‍ക്കാര്‍ ജപ്തി ചെയ്തിരുന്നു.
എസ്റ്റേറ്റിലെ ജീവനക്കാര്‍ക്ക് ശമ്പളയിനത്തിലും മറ്റ് ആനകൂല്യങ്ങളിലും നല്‍കേണ്ട കുടിശികയടക്കമാണ് ഇനി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവരിക.
ഇതിന്റെ ഭാഗമായി റിക്കവറി നടപടികള്‍ കളക്ടര്‍ തുടങ്ങിയിട്ടുണ്ട്. പ്രോവിഡന്റ് ഫണ്ട്, കൃഷിവരുമാനം, മുനിസിപ്പാലിറ്റി, വാഹന, തൊഴില്‍ തുടങ്ങിയ ഇനങ്ങളിലെ നികുതികളും കെഎസ്ഇബി കുടിശികയും ഇവയുടെ പലിശയുമടക്കമാണ് 22.25 കോടിയുടെ ബാധ്യത കമ്പനിക്കുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.