കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ആദ്യഘട്ടം ഡിസംബറോടെ: മന്ത്രി വീണാ ജോര്‍ജ്
Tuesday, August 12, 2025 1:04 AM IST
കണ്ണൂർ: കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഡിസംബറില്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ആവശ്യമായ തൊഴിലാളികളെ ഉറപ്പുവരുത്തി നവംബര്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനിക്കു മന്ത്രി നിര്‍ദേശം നല്കി. ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാന വികസനത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമാണ് 311 ഏക്കറില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തന അവലോകന യോഗത്തില്‍ കെ.കെ. ശൈലജ എംഎല്‍എ അധ്യക്ഷത വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്, ആയുഷ് മിഷന് എംഡി ഡോ. സജിത് ബാബു, ഐആര്‍ഐഎ സ്പെഷല്‍ ഓഫീസര്‍ ഡോ. വി. രാജ്മോഹന്‍, ആയുഷ് മിഷന് ജില്ലാ ഡിപിഎം ഡോ. അജിത്കുമാര്‍, സയന്റിഫിക് ഓഫീസര്‍ ഡോ. ആര്. മനോജ് തുടങ്ങിയവർ പങ്കെടുത്തു.