വോട്ട് കൊള്ള പ്രസ്താവനകൊണ്ട് ന്യായീകരിക്കാൻ ശ്രമിക്കേണ്ട: അഡ്വ: ജോസഫ് ടാജറ്റ്
Tuesday, August 12, 2025 1:04 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നടന്ന വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയില്ലെന്നു പറഞ്ഞതുകൊണ്ട് നടന്ന ക്രമക്കേടുകളെ ന്യായീകരിക്കാനാവില്ലെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
തെരഞ്ഞെടുപ്പുവേളയിൽതന്നെ വ്യാജ വോട്ടർമാരെക്കുറിച്ച് വിശദവിവരങ്ങൾസഹിതം പരാതികൾ നൽകിയിരുന്നു. 65,000 വോട്ടുകൾ ചേർത്തെന്നാണ് ബിജെപി അന്നേ അവകാശപ്പെട്ടത്. നടപടിക്രമങ്ങൾ അനുസരിച്ച് ഓണ്ലൈനായിട്ടാണ് അപേക്ഷ നൽകേണ്ടത്. പരാതി പരിഗണിക്കുന്പോൾ അപേക്ഷ കൊടുത്തയാളെയും പരാമർശിക്കപ്പെടുന്ന വ്യക്തിയെയും വിളിച്ചുവരുത്തി ഹിയറിംഗ് നടത്തണം.
ഏറെ സാങ്കേതികവും അപ്രായോഗികവുമായ ഒന്നായതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലുള്ള പരാതികൾ പരിഗണിച്ച്, ബിഎൽഒമാർവഴി മരിച്ചവരെ നീക്കം ചെയ്യുന്നതുപോലെ, പേരുകൾ നീക്കം ചെയ്യേണ്ടതാണ്.
പക്ഷേ, ഇലക്ഷൻ കമ്മീഷനും ബിജെപിക്കാരും അട്ടിമറിയെ ദുർബലമായ വാദങ്ങൾ നിരത്തി ന്യായീകരിക്കുന്നതു ശരിയല്ല. ഞങ്ങൾ ചേർത്തതുപോലെ നിങ്ങൾക്കും ചേർക്കാമായിരുന്നില്ലേ എന്ന ബിജെപി നേതാവിന്റെ ചോദ്യത്തിന്, അധാർമികമായ മാർഗങ്ങൾ കോണ്ഗ്രസ് സ്വീകരിക്കില്ല എന്നാണ് മറുപടി നൽകാനുള്ളത്.
ക്രമവിരുദ്ധമായി വോട്ടുകൾ ചേർത്തിട്ട് നിങ്ങളും ചേർത്തോളൂ എന്ന് ആഹ്വാനം ചെയ്യുന്നതു ജനാധിപത്യപ്രക്രിയയെയും ഇലക്ഷൻ കമ്മീഷനെയും വെല്ലുവിളിക്കുന്ന ഒന്നാണ്. ഇത്രയേറെ ക്രമക്കേടുകളുണ്ട് എന്നു ബോധ്യമായിട്ടും ഇലക്ഷൻ കമ്മീഷൻ ഒരു നടപടിയും സ്വീകരിക്കാത്തതു നടന്ന ക്രമക്കേടുകളെ അംഗീകരിക്കുന്നതിനു സമാനമായാണ് ജനങ്ങൾക്കു വ്യക്തമാകുന്നത്. വ്യാജവോട്ടുകൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ തെളിവുസഹിതം കോണ്ഗ്രസ് പുറത്തുവിടുമെന്നും സാധ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.