ജനവിധി അട്ടിമറിച്ചതു ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു ചേർത്ത വോട്ടുകൾ: കെ. മുരളീധരൻ
Tuesday, August 12, 2025 1:04 AM IST
തൃശൂർ: ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു ചേർത്ത വോട്ടുകളാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ജനവിധി അട്ടിമറിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. എന്നാൽ, പരാതി അവഗണിച്ചു. തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ പരാതിനൽകിയപ്പോൾ കളക്ടർ നിഷേധാത്മക സമീപനമാണു സ്വീകരിച്ചത്. കൗണ്ടിംഗ് ദിവസം സുരേഷ് ഗോപി ജില്ലയിൽ ഇല്ലായിരുന്നു. അമിത് ഷായുടെ നിർദേശപ്രകാരമായിരുന്നു ഇത്.
മോദിയുടെ തൃശൂർ സന്ദർശനംമുതൽ ഗൂഢാലോചന നടന്നു. ഫലം അറിഞ്ഞശേഷം സുരേഷ് ഗോപി തൃശൂരിലെത്തിയാൽ മതിയെന്ന് അമിത് ഷാ നിർദേശംനൽകിയെന്ന് ഒരു സിനിമാനിർമാതാവുതന്നെ വെളിപ്പെടുത്തിയിരുന്നു.തൃശൂരിലെ വോട്ടുകൊള്ള ആരോപണത്തിൽ സമഗ്രാന്വേഷണം വേണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.