കള്ളവോട്ട് വിവാദംകൊഴുക്കുന്നു; പൂങ്കുന്നത്തെ ഫ്ളാറ്റിലെ ഒന്പതു വോട്ടുകൾ ആരുടേത്...?
Tuesday, August 12, 2025 1:04 AM IST
തൃശൂർ: തൃശൂരിൽ കള്ളവോട്ട് വിവാദം കൊഴുക്കുന്നു. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടുകളും ക്രമക്കേടുകളും ഉണ്ടായെന്ന് കോണ്ഗ്രസും സിപിഐയും ആരോപിച്ചതിനുപിന്നാലെ പൂങ്കുന്നം ക്യാപ്പിറ്റൽ വില്ലേജ് എന്ന ഫ്ളാറ്റിൽ ഒന്പതു കള്ളവോട്ടുകൾ ചേർത്തെന്ന പരാതിയുമായി വീട്ടമ്മ രംഗത്തെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി മണ്ഡലത്തിലില്ലാത്തവരെ കൊണ്ടുവന്ന് വോട്ടുചേർത്തെന്ന ആരോപണം സിപിഐയും യുഡിഎഫും ആരോപിക്കുന്നതിനിടെയാണ് പൂങ്കുന്നത്തെ കള്ളവോട്ടുപരാതി.
പ്രസന്ന അശോകന്റെ മേൽവിലാസത്തിലുള്ള ഫ്ളാറ്റിൽ ഒന്പതു വോട്ടുകളാണ് വോട്ടർപട്ടികയിലുള്ളതെന്നും എന്നാൽ, നാലുവർഷമായി ഈ ഫ്ളാറ്റിൽ താമസിക്കുന്ന തനിക്ക് ഈ ഒന്പതുപേരെയും അറിയില്ലെന്നും പ്രസന്ന പറയുന്നു. ഈ ഒന്പതുപേരും ഫ്ളാറ്റിലില്ല. തന്റെ വീട്ടിൽ തനിക്കുമാത്രമാണ് വോട്ടുണ്ടായിരുന്നത്. ഒന്പതുവോട്ടുകൾ ആരുടേതാണെന്ന് അറിയില്ല. ഇതെങ്ങനെ ചേർത്തുവെന്നതിനെക്കുറിച്ചും അറിയില്ലെന്നു പ്രസന്ന പറഞ്ഞു.
വോട്ടർപട്ടികയിൽ പറയുന്ന ആളുകളെ കണ്ടിട്ടില്ലെന്ന് പ്രസന്നയുടെ അയൽവാസികളും പറയുന്നു. പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ വോട്ടെടുപ്പുകേന്ദ്രത്തിലായിരുന്നു 52കാരിയായ പ്രസന്ന അശോകന്റെ വോട്ട്. പൂങ്കുന്നം ആശ്രമം ലെയ്ൻ ക്യാപ്പിറ്റൽ വില്ലേജ് ഫ്ളാറ്റ് സമുച്ചയത്തിൽ 4 സി ഫ്ളാറ്റിലാണ് ഇവർ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭർത്താവ്, മകൻ, മകന്റെ ഭാര്യ എന്നിവർക്കു ചേർപ്പ് പൂച്ചിന്നിപ്പാടത്താണു വോട്ടുള്ളത്.
ഇവരുടെ ക്യാപ്പിറ്റൽ വില്ലേജ് 4 സി എന്ന ഫ്ളാറ്റ് വിലാസത്തിൽ ക്രമനന്പർ 1304 എം.എസ്. മനീഷ് (അച്ഛന്റെ പേര്: സുരേന്ദ്രൻ), ക്രമനന്പർ 1307 മുഖാമിയമ്മ (ഭർത്താവിന്റെ പേര്: സദാശിവൻ), 1308 സൽജ കെ. (ഭർത്താവിന്റെ പേര്: ശിവദാസൻ), 1313 മോനിഷ (അച്ഛന്റെ പേര് സുധ), 1314 എസ്. സന്തോഷ് കുമാർ (അച്ഛന്റെ പേര്: ആർ. സുരേന്ദ്രൻ), 1315 പി. സജിത് ബാബു (അച്ഛന്റെ പേര്: കുട്ടികൃഷ്ണൻനായർ), 1316 എസ്. അജയകുമാർ (അച്ഛന്റെ പേര്: ശ്രീകുമാരൻ നായർ), 1318 സുഗേഷ് (അച്ഛന്റെ പേര്: സുബ്രഹ്മണ്യൻ), 1319 സുധീർ (അച്ഛന്റെ പേര്: അയ്യപ്പൻ), 1321 ഹരിദാസൻ (അച്ഛന്റെ പേര് സദാശിവൻ) എന്നീ പേരുകളാണ് കൂട്ടിച്ചേർത്തത്. ഇതിൽ ആരെയും തനിക്കു പരിചയമില്ലെന്ന് പ്രസന്ന അശോകൻ വ്യക്തമാക്കുന്നു. അച്ഛന്റെയോ ഭർത്താവിന്റെയോ പേര് പരിശോധിച്ചാൽ ഇവർ ഒരു കുടുംബത്തിൽപ്പെട്ട അംഗങ്ങൾപോലുമല്ലെന്നു വ്യക്തമാണെന്ന് യുഡിഎഫും ആരോപിച്ചു.
വോട്ടെടുപ്പിനുമുന്പുതന്നെ കോൺഗ്രസ് പരാതി
2024 ഏപ്രിൽ നാലിനു പ്രസിദ്ധീകരിച്ച അന്തിമപട്ടികയിൽ ഉൾപ്പെട്ട ഈ പേരുകൾ സംബന്ധിച്ച് വോട്ടെടുപ്പിനു മുന്പേതന്നെ രേഖാമൂലം പരാതിപ്പെട്ടിട്ടുള്ളതാണ്.
മുപ്പതാം ബൂത്തിലെ ക്യാപ്പിറ്റൽ വില്ലേജ്, ചൈത്രം അപ്പാർട്ട്മെന്റ്സ്, ടോപ്പ് പാരഡൈസ് എന്നീ ഫ്ളാറ്റുകളിൽ നടത്തിയ പരിശോധനയിൽ 45 വ്യാജ വോട്ടുകളുണ്ടെന്ന് ഏപ്രിൽ 24-നാണ് കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് റിട്ടേണിംഗ് ഓഫീസർക്കു പരാതി നൽകിയത്.
വോട്ടേഴ്സ് സ്ലിപ്പ് നൽകുന്ന ഘട്ടത്തിലാണു ക്രമക്കേട് നടന്നതായി വിവരം ലഭിച്ചതെന്നു കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ആഷിഷ് മൂത്തേടത്ത്, ബൂത്ത് പ്രസിഡന്റ് വി.കെ. അനിൽ എന്നിവർ പറഞ്ഞു.
വോട്ടെടുപ്പിനിടെ ബൂത്തിൽ തർക്കമുണ്ടായിരുന്നെങ്കിലും പട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടുചെയ്യാമെന്നു കളക്ടർ നിലപാടെടുക്കുകയാണുണ്ടായത്.