സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പുവിജയം അസാധുവാക്കണം: ജോസ് വള്ളൂർ
Tuesday, August 12, 2025 1:04 AM IST
തൃശൂർ: ജനാധിപത്യം അട്ടിമറിച്ച് കള്ളവോട്ടുകളിലൂടെ തെരഞ്ഞെടുപ്പു വിജയം നേടിയ സുരേഷ് ഗോപിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് തൃശൂർ ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ.
ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂർ, തെരഞ്ഞെടുപ്പിനുശേഷം ഫ്ലാറ്റുകള്‍, വീടുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ കേന്ദ്രീകരിച്ചു നിരവധി കള്ളവോട്ടുകൾ ചേർത്തതു കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്സഭാ മണ്ഡലത്തിലെ 1,275 ബൂത്തുകളിൽ 642 ബൂത്തുകളിലും ഫ്ലാറ്റുകള്‍, വീടുകൾ, അപ്പാർട്ട്മെന്റ്സ് എന്നിവ കേന്ദ്രീകരിച്ചാണു കള്ളവോട്ടുകൾ ചേർത്തിട്ടുള്ളത്. ഒരോ ബൂത്തിലും അന്പതുമുതൽ നൂറുവരെ വ്യാജവോട്ടുകൾ ചേർത്തിട്ടുണ്ട്.
തൃശൂർ ലോക്സഭാ മണ്ഡലത്തിനു പുറത്തുള്ള ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, കൊടുങ്ങല്ലൂർ, കയ്പമംഗലം, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളിലെ അറിയപ്പെടാത്ത ബിജെപി അനുഭാവികളെയും ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങളെയുമാണ് ഇത്തരത്തിൽ ചേർത്തിട്ടുള്ളത്. മറ്റു മണ്ഡലങ്ങളിൽനിന്ന് ഇവിടേക്കു വോട്ട് മാറ്റുമ്പോൾ ആദ്യസ്ഥലത്തെ വോട്ട് ഒഴിവാക്കണം. എന്നാൽ, ഇവിടെ വോട്ട് ചേർത്തവർക്ക് ഇരട്ടവോട്ടുണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് വള്ളൂർ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുസമയത്തു വോട്ടർപട്ടികയിൽ പേരു ചേർത്തവരെയും വോട്ട് മറ്റൊരിടത്തേക്കു മാറ്റിയവരെയും ഹിയറിംഗ് നടത്താതെയാണ് അന്തിമ വോട്ടർപട്ടിക പുറത്തിറക്കിയത്. പല സ്ഥലത്തും അനധികൃതമായി വോട്ട് ചേർക്കാൻ സിപിഎം അനുഭാവികളായ ചില ബിഎൽഒമാരുടെ സഹായവും ബിജെപിക്കു ലഭിച്ചിട്ടുണ്ടെന്നു ഡിസിസി മുൻ പ്രസിഡന്റ് പറഞ്ഞു.