എന്‍ജിനിയറിംഗ് പ്രവേശനം ; സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ച് എഐസിടിഇ
Tuesday, August 12, 2025 1:04 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: എന്‍ജിനിയറിംഗ് പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ച് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കഷന്‍. സെപ്റ്റംബര്‍ 15 വരെ കോളജുകളില്‍ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നടത്താമെന്നാണ് ഇന്നലെ ഇറക്കിയ ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ളത്.
നേരത്തേ ഇറക്കിയ ഉത്തരവ് പ്രകാരം ഓഗസ്റ്റ് 14നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിന് പ്രകാരമുള്ള പട്ടികയില്‍ നിന്നും അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷവും ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാര്‍ഥികളെ എഐസിടിഇ മാനദണ്ഡമനുസരിച്ച് പ്രവേശിപ്പിക്കാനുള്ള നടപടികള്‍ വിശദമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ സര്ക്കുലറുമിറക്കിയിരുന്നു. ഇതേദിവസം തന്നെയാണ് പ്രവേശന നടപടികള്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് എഐസിടിഇ സര്ക്കുലറുമിറങ്ങിയിട്ടുള്ളത്.
അടുത്ത ദിവസങ്ങളില്‍ തന്നെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തി ക്ലാസുകള്‍ 18ന് ആരംഭിക്കാനായിരുന്നു മിക്ക കോളജുകളുടേയും തീരുമാനം.കോളജുകളില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ എഐസിടിഇയുടെയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കുലറുകള്‍ വിദ്യാര്‍ഥികളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല.
സംസ്ഥാനത്ത് സാങ്കേതിക സര്‍വകലാശാലയും സര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പുതിയ കോഴ്സുകളിലേക്ക് ഉള്‍പ്പെടെയുള്ള പ്രവേശനം അലോട്ട്മെന്റിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നത്.
എഐസിടിഇ ആദ്യം പുറത്തിറക്കിയ ഷെഡ്യൂളിൽ മാറ്റം വന്നതോടെ സംസ്ഥാനത്ത് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷനിലൂടെ കോളജുകള്‍ക്ക് കൂടുതല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം ഉറപ്പിക്കാന്‍ കഴിയും.
മുന്‍ ഷെഡ്യൂളില്‍ നിന്നും ഒരു മാസം കൂടി ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്താന്‍ കോളജുകള്‍ക്ക് അവസരം ലഭിക്കും. സര്‍വകലാശാലകളില്‍ നിന്നുള്ള അഫിലിയേഷന് വാങ്ങുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 11 വരെയും എഐസിടിഇ നീട്ടി നല്കി.