യുവതിയുടെ മരണം; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നു കത്തോലിക്ക കോൺ.
Tuesday, August 12, 2025 1:05 AM IST
കൊച്ചി: വിവാഹവാഗ്ദാനം നൽകി വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയശേഷം പീഡനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായ യുവതിയുടെ മരണവും അതിലേക്കു നയിച്ച സാഹചര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്.
യുവതിയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രണയം നടിച്ചു മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിലുണ്ട് എന്ന വാദത്തിനു ശക്തി പകരുന്നതാണ് യുവതിയുടെ കത്ത്.
വിവാഹവാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിന്റെ പിന്നിൽ സംഘടിതമായ സംവിധാനങ്ങളുണ്ട് എന്ന സൂചനയാണു നൽകുന്നത്. ഇതു തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ.ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.