വാൽപ്പാറയിൽ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു
Tuesday, August 12, 2025 3:02 AM IST
ചാലക്കുടി: തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. ആസാം സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി സുർബത്തലിയുടെ മകൻ നൂർജിൽ ഹഖിനെയാണു പുലി കടിച്ചുകൊന്നത്. വാൽപ്പാറ വേവർലി എസ്റ്റേറ്റിൽ ഇന്നലെ വൈകുന്നേരം 6.45നായിരുന്നു സംഭവം.
കടയിൽ പോയ കുട്ടിയെ കാണാതായതിനെത്തുടർന്നു നാട്ടുകാരും രക്ഷിതാക്കളും ചേർന്നു നടത്തിയ തെരച്ചിലിൽ തേയിലത്തോട്ടത്തിനു നടുവിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്തിന്റെയും ശരീരത്തിന്റെയും പലഭാഗങ്ങളും പുലി ഭക്ഷിച്ചെന്നും ആളുകളുടെ ശബ്ദം കേട്ടു പുലി മൃതദേഹം ഉപേക്ഷിച്ചുപോകുകയായിരുന്നെന്നുമാണു വിവരം.
മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞമാസം വാൽപ്പാറയിൽ നാലരവയസുകാരിയെ പുലി കടിച്ചുകൊന്നിരുന്നു. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ രോഷ്നിയെയാണു പുലി ആക്രമിച്ചുകൊന്നത്.