വോട്ടർപട്ടികയിലെ ക്രമക്കേട്: കോടതിയെ സമീപിക്കുമെന്ന് വി.എസ്. സുനിൽകുമാർ
Tuesday, August 12, 2025 1:04 AM IST
തൃശൂർ: വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങി മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാർ.
അനർഹമായ നൂറുകണക്കിനു വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ട്. ചേലക്കര മണ്ഡലത്തിലെയും മറ്റിടങ്ങളിലെയും വോട്ടർമാരെ ഇവിടെ കൊണ്ടുവന്നു ചേർത്തിട്ടുണ്ട്. ഇത്തരം നടപടികൾക്കെതിരേ കോടതിയെ സമീപിക്കുമെന്ന് സുനിൽ കുമാർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു വിചിത്രമായ ഒരു മറുപടി കഴിഞ്ഞദിവസം കിട്ടിയിരുന്നു. സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാം എന്നായിരുന്നു അത്. പരാതിയിൽ കഴന്പില്ലെങ്കിൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പുകൾവരെ ഉണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടതു ജനാധിപത്യ അവകാശമാണ്. അതു നിറവേറ്റുകതന്നെ ചെയ്യുമെന്നും സുനിൽകുമാർ വ്യക്തമാക്കി.