പള്ളിപ്പുറം പള്ളിയിൽ തിരുനാളിന് കൊടിയേറി
Tuesday, August 12, 2025 1:05 AM IST
ചേര്‍ത്തല: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ ജൂബിലി തിരുനാളിനു കൊടിയേറി.
ഇന്നലെ വൈകുന്നേരം നാലിനു ജൂബിലി തിരുനാളിനോടനുബന്ധിച്ചുള്ള, യൂണിറ്റുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രസുദേന്തിമാരുടെ പരമ്പരാഗത രീതിയിലുള്ള, കാഴ്ച സമര്‍പ്പണം നടത്തി.
ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു മലയാറ്റൂര്‍ ഇടവക വികാരി ഫാ.ജോസ് ഒഴലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു ഫൊറോന വികാരി റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. പള്ളിപ്പുറം ഫൊറോനയിലെ കീഴിലുള്ള പള്ളികളിലെ എല്ലാ വികാരിമാരും പള്ളിപ്പുറം ഇടവകയിലെ വൈദികരും സന്യസ്തരും നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്നു നടന്ന സാല്‍വേ ലദീഞ്ഞ്, നൊവേന, ആരാധന തുടങ്ങിയ ചടങ്ങുകള്‍ക്ക് അസി.വികാരി ഫാ.ബാജിയോ കല്ലൂക്കാടന്‍, റസിഡന്റ് പ്രീസ്റ്റ് ഫാ.ജോസഫ് മാക്കോതക്കാട്ട്, ഡീക്കൻ ജോൺ കരോൾ എന്നിവര്‍ നേതൃത്വം നല്കി. 13ന് വൈകിട്ട് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ശേഷം തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. 15നാണ് പ്രധാന തിരുനാള്‍ദിനം.
കൊടിയേറിയതോടെ ഇനിയുള്ള ദിവസങ്ങളിൽ പള്ളിയിലേക്ക് തീർഥാടകർ ഒഴുകിയെത്തും. അന്യജില്ലകളിൽനിന്നടക്കംപള്ളിപ്പുറം പള്ളിയിലേക്കു വിശ്വാസികൾ എത്തും. തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് പള്ളിയിൽ ഒരുക്കിയിരിക്കുന്നത്.