ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടമ്മയെ ചവിട്ടിവീഴ്ത്തി കവർച്ച; പ്രതി അറസ്റ്റില്‍
Tuesday, August 12, 2025 1:05 AM IST
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ കോഴിക്കോട്ടുവച്ച് വീട്ടമ്മയുടെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി കേസുകളില്‍ പ്രതിയായ യുപി ഗാസിയാബാദ് സ്വദേശി മുഹമ്മദ് സെയ്ഫ് അസ്കര്‍ അലി (37) യെയാണ് റെയില്‍വേ പോലീസിന്റെയും ആര്‍പിഎഫിന്റെയും പ്രത്യേക അന്വേഷണസംഘം കാസര്‍കോട്ടു വച്ച് പിടികൂടിയത്. ഇയാളെ കോഴിക്കോടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസില്‍ എസ് വണ്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ തലോര്‍ വൈക്കാടന്‍ ജോസിന്റെ ഭാര്യ അമ്മിണി (64)യെയാണ് ഇയാള്‍ ട്രെയിനില്‍നിന്നു ചവിട്ടി താഴെയിടുകയും പണമടങ്ങുന്ന ബാഗും മൊബൈല്‍ഫോണും കവരുകയും ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം. ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ 7.15ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ട്രെയിനുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുന്ന അസ്കര്‍ അലിക്ക് മയക്കുമരുന്ന് കേസുകളുള്‍പ്പെടെ മുംബൈ പോലീസില്‍ മാത്രം മുപ്പതോളം കേസുകള്‍ നിലവിലുണ്ട്.
തിരുവനന്തപുരത്തേക്കുള്ള സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷന് വിട്ട് ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിനടുത്ത് എത്താറായപ്പോഴാണ് മോഷ്ടാവ് അമ്മിണിയെ താഴേക്കു തള്ളിയിട്ടത്. ബാഗുമായി ഓടിരക്ഷപ്പെട്ട ഇയാള്‍ അപ്പോള്‍തന്നെ മംഗലാപുരം ഭാഗത്തേക്കുള്ള അന്ത്യോദയ എക്സ്പ്രസില്‍ ചാടിക്കയറുകയായിരുന്നു.
എല്ലാ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിനു പ്രതിയുടെതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പന്‍വേല്‍ സ്റ്റേഷനിലിറങ്ങിയ പ്രതി പിന്നീട് മംഗലാപുരം ഭാഗത്തേക്കുള്ള തിരുനെല്‍വേലി എക്സ്പ്രസില്‍ വരുന്നതിനിടെയാണു പിടിയിലായത്.
മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന കുടയും എടിഎം കാര്‍ഡും ഇയാളില്‍നിന്നു പോലിസ് കണ്ടെടുത്തു. 8,000 രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്. ഇതില്‍ 4,750 രൂപ കണ്ടെടുക്കാനായെന്നു റെയില്‍വേ പോലീസ് അറിയിച്ചു.