കുന്നോത്ത് ഗുഡ് ഷെപ്പേർഡ് സെമിനാരി രജത ജൂബിലി സമാപനസമ്മേളനം ഇന്ന്
Tuesday, August 12, 2025 1:04 AM IST
ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ രജന ജൂബിലിയാഘോഷ സമാപന സമ്മേളനം ഇന്ന്. രാവിലെ10 ന് പൂർവവിദ്യാർഥി സംഗമം നടക്കും.
2.30ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും.
സെമിനാരി കമ്മീഷൻ മുൻ ചെയർമാൻ മാർ ജോർജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തും. സെമിനാരി കമ്മീഷൻ മുൻ ചെയർമാൻ മാർ ജോർജ് ഞരളക്കാട്ട് സമ്മാനദാനം നിർവഹിക്കും. മാർ തോമസ് പാടിയത്ത് പുസ്തക പ്രകാശനം നിർവഹിക്കും. പ്രഥമ റെക്ടർ ഫാ. ജോസഫ് കുഴിഞ്ഞാലിൽ സുവനീർ പ്രകാശനം നിർവഹിക്കും.
സെമിനാരി കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, അഡ്ഹോക് കമ്മിറ്റി മുന്‍ അംഗം മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, സെമിനാരി കമ്മീഷൻ അംഗം മാര്‍ ജോസഫ് പണ്ടാരശേരില്‍, സജീവ് ജോസഫ് എംഎല്‍എ, സെമിനാരി കമ്മീഷന് അംഗം മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മുന്‍ റെക്ടര്‍ റവ. ഡോ. മാണി ആട്ടേല്‍, നസ്രത്ത് സിസ്റ്റേഴ്സ് മദര്‍ ജനറല്‍ സിസ്റ്റര്‍ ജസീന്ത സെബാസ്റ്റ്യന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഫാ. സെബാൻ ഇടയാടിയില്‍, പായം പഞ്ചായത്തംഗം ഷൈജന്‍ ജേക്കബ്, റെക്ടർ റവ. ഡോ. മാത്യു പട്ടമന എന്നിവർ പ്രസംഗിക്കും.
സീറോമലബാർ സഭാ സിനഡിന്റെ കീഴിൽ 2000 സെപ്റ്റംബർ ഒന്നിനാണ് തലശേരി അതിരൂപതയുടെ സാന്തോം എസ്റ്റേറ്റിൽ മേജർ സെമിനാരി പ്രവർത്തനം ആരംഭിച്ചത്.
25 വർഷത്തിനുള്ളിൽ 800 വൈദിക വിദ്യാർഥികളാണ് പഠനം പൂർത്തിയാക്കിയത്. ഒരു വർഷം നീണ്ട ജൂബിലി ആഘോഷത്തിൽ ക്രിസ്മസ്ഗാന മത്സരം, അഗതിമന്ദിരം അന്തേവാസികൾക്കൊപ്പം ഒരു ദിവസം, ദേശീയ ദൈവശാസ്ത്ര സെമിനാർ, ഇന്റർ സെമിനാരി അത്ലറ്റ് മീറ്റ്, ഒക്ടോബറിൽ ദേശീയ തത്വശാസ്ത്ര സെമിനാർ, നിർമാണം പുരോഗമിക്കുന്ന ഭവനം എന്നിവ ഉൾപ്പെടുന്നു.