വിഭജന ഭീതി ദിനം ആചരിക്കണമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല: മന്ത്രി വി. ശിവൻകുട്ടി
Tuesday, August 12, 2025 1:05 AM IST
കണ്ണൂർ: ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ഉത്തരവിറക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.
വിഭജന ഭീതി ദിനമെന്നത് ആദ്യമായി കേൾക്കുകയാണ്. ഏതെങ്കിലും ദിനാചാരണം നടത്തണമെന്നു നിർദേശിക്കാനുള്ള അധികാരം ഗവർണർക്കില്ല. സംസ്ഥാനത്ത് സമാന്തര ഭരണ സംവിധാനമായി മാറാനാണു ഗവർണർ രാജേന്ദ്ര അർലേക്കർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗവർണറുടെ സർക്കുലർ സംബന്ധിച്ച് കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി വി.ശിവൻകുട്ടി. രാജ്യത്ത് വിവിധ ദിനങ്ങൾ ആചാരിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഒരു ദിനം ചരിത്രത്തിൽ ആദ്യമാണ്.
ആർഎസ്എസ് വിഭജനത്തിന്റെ വക്താക്കൾ ആണല്ലോ. അതുകൊണ്ടാകും ഇങ്ങനെ ഒരു പ്രഖ്യാപനം ഗവർണർ നടത്തിയത്. സിബിഎസ്ഇ പ്രഖ്യാപിച്ച ഓപ്പൺ എക്സാം കേരളത്തിൽ നടപ്പാക്കില്ല. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ പ്രഖ്യാപനമാണത്. കേന്ദ്ര സർക്കാർ ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് സര്വകലാശാലകള്ക്ക് ചാൻസലറായ ഗവർണർ ഔദ്യോഗികമായി നിർദേശം നല്കിയിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്നുമായിരുന്നു രാജ്ഭവൻ നൽകിയ സർക്കുലറിർ പറഞ്ഞിരുന്നത്.
“വിദ്യാർഥികളുടെ കൺസഷൻ ഔദാര്യമല്ല”
സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിലെ ഇളവ് ബസുകാരുടെ ഔദാര്യമല്ലെന്നും സീറ്റിൽ ഇരിക്കുന്ന കുട്ടികളെ എഴുന്നേൽപ്പിക്കരുതെന്നും മന്ത്രി വി. ശിവൻകുട്ടി.
അനുകമ്പയുടെ പുറത്താണ് തങ്ങൾ വിദ്യാർഥികളെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതെന്ന നിലപാട് ഒരു ജീവനക്കാരിൽനിന്നും ഉണ്ടാകരുത്. സ്കൂൾകുട്ടികളെ രണ്ടാം തരം പൗരൻമാരായി ബസ് ജീവനക്കാർ കാണരുത്.
കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കണം. കുട്ടികൾക്കുള്ള കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കില്ല. വിദ്യാർഥികളോട് മോശമായി ജീവനക്കാർ പെരുമാറിയെന്നു പരാതി ലഭിച്ചാൽ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.