കണ്ണൂരിൽ എഇഒ ഓഫീസിൽ മന്ത്രിയുടെ മിന്നൽ പരിശോധന
Tuesday, August 12, 2025 1:04 AM IST
കണ്ണൂർ: കണ്ണൂർ നോർത്ത് എഇഒ ഓഫീസിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽ പരിശോധന. എയ്ഡ്ഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനം തടഞ്ഞുവച്ചെന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്നായിരുന്നു ഇന്നലെ രാവിലെ മന്ത്രി മിന്നൽ സന്ദർശനം നടത്തി ഫയലുകൾ പരിശോധിച്ചത്.
പരാതി സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.
ഇന്നലെ രാവിലെ കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്കിടെയാണ് വാരം യുപി സ്കൂളിലെ അധ്യാപകരായ അഞ്ജു, ശുഭ, അർജുൻ എന്നിവർ മന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയത്.
തങ്ങളുടെ നിയമനം എട്ടു വർഷമായി തടഞ്ഞു വച്ചിരിക്കുകയാണെന്നായിരുന്നു പരാതി. ഉടൻതന്നെ മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തുകയായിരുന്നു.
ഉദ്യോഗസ്ഥരിൽനിന്ന് മന്ത്രി വിവരങ്ങൾ തേടി. 2017 മുതൽ അധ്യാപികയായി ജോലി ചെയ്യുന്ന ശുഭയും 2018 മുതൽ ജോലി ചെയ്യുന്ന അഞ്ജു, അർജുൻ എന്നിവരും നിയമനപ്രശ്നം കാരണം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ഈ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചു.