കാർ ടോറസിലിടിച്ച് ഗൃഹനാഥൻ മരിച്ചു
Tuesday, August 12, 2025 3:02 AM IST
രാജാക്കാട്: കോട്ടയം കിടങ്ങൂരിൽ കാർ ടോറസിലിടിച്ച് മുല്ലക്കാനം സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ ആറിനാണ് കിടങ്ങൂർ ടൗണിൽ കാർ ടോറസിലിടിച്ച് രാജാക്കാട് മുല്ലക്കാനം ഈറ്റക്കാട്ട് ഷാജി (59) മരിച്ചത്.
പുലർച്ചെ മൂന്നിന് മുല്ലക്കാനത്തുള്ള വീട്ടിൽനിന്നു ഷാജിയുടെ ചികിത്സ ആവശ്യത്തിനായി ഭാര്യ ലൈസമ്മയോടൊപ്പം സുഹൃത്തിന്റെ കാറിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. മൂവരേയും കിടങ്ങൂരുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാജിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യ ലൈസമ്മ, ഡ്രൈവർ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കിടങ്ങൂർ പോലീസ് നടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്.