കൂടത്തായി പ്രതി ജോളിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി
Tuesday, August 12, 2025 3:02 AM IST
കൊച്ചി: പുതിയ അഭിഭാഷകനൊപ്പം കുറ്റക്യത്യം നടന്ന വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതിയില്‍ വിചാരണയ്ക്കിടെ ഇത്തരമൊരു ആവശ്യമുന്നയിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
ജോളിക്കുവേണ്ടി വാദിച്ച അഭിഭാഷകന് ബി.എ. ആളൂര്‍ അടുത്തിടെ മരിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ അഭിഭാഷകനൊപ്പം സംഭവം നടന്ന സ്ഥലം പരിശോധിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടത്.
സംഭവസ്ഥലത്തെ മഹസര്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഹര്‍ജിക്കാരനു നല്‍കിയിട്ടുണ്ടെന്നും ഈ രേഖകളുടെ അടിസ്ഥാനത്തിലാണു പ്രോസിക്യൂഷന് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. കുറ്റകൃത്യം 2011ന് മുമ്പ് നടന്നതാണ്. സംഭവസ്ഥലത്തു നിരവധി മാറ്റങ്ങളുണ്ടാകും.
സംഭവം നടന്ന സ്ഥലം ഹര്‍ജിക്കാരിയുടെ വസതിയായിരുന്നതിനാല് അവര്‍ക്ക് ആ സ്ഥലം നന്നായി അറിയാമെന്നും അതിനാല്‍ വിചാരണയുടെ സുഗമമായ നടത്തിപ്പിനു തടസമാകുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കാനുള്ള അപേക്ഷ വിചാരണക്കോടതി തള്ളിക്കളഞ്ഞത് സുരക്ഷാകാരണങ്ങളും അതില്‍ ഉള്‍പ്പെട്ട ചെലവുകളും ചൂണ്ടിക്കാട്ടിയാണെന്നായിരുന്നു ജോളിയുടെ അഭിഭാഷകന്റെ വാദം.
പ്രതിയോടൊപ്പം സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാനുള്ള അഭിഭാഷകന്റെ ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.