യൂണിവേഴ്സിറ്റികളിൽ 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ
Tuesday, August 12, 2025 1:05 AM IST
തേഞ്ഞിപ്പലം: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓഗസ്റ്റ്14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
ഇതു സംബന്ധിച്ച് വിസിമാർക്ക് യൂണിവേഴ്സിറ്റി ചാൻസലറായ ഗവർണർ രേഖാമൂലം നിർദേശം നൽകി. ആക്ഷൻ പ്ലാൻ തയാറാക്കി അറിയിക്കണമെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണു നിർദേശം നൽകിയിട്ടുള്ളത്.
ഇന്ത്യ-പാക് വിഭജന കാലത്തെ സാഹചര്യം പ്രമേയമാക്കി സെമിനാറുകളും ശില്പശാലകളും നടത്താനും നാടകം ആവിഷ്കരിച്ച് ജനങ്ങളെ കാണിക്കാനുമാണ് കേരളത്തിലെ എല്ലാ വിസിമാർക്കും ചാൻസലർ നിർദേശം നൽകിയിരിക്കുന്നത്.
അച്ചടക്കവും ദേശസ്നേഹവും സൃഷ്ടിക്കാന്‍ ബിരുദ വിദ്യാഭ്യാസത്തിനു ശേഷം എല്ലാവര്ക്കും സൈനിക പരിശീലനം നല്‍കണമെന്നും ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു.
കാലടി ശ്രീശാരദ സൈനിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിലെ മികച്ച കേഡറ്റുകള്‍ക്കുള്ള രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.