കാർ ഫുട്പാത്തിലേക്കു പാഞ്ഞുകയറി അപകടം: ലൈസൻസ് സസ്പെൻഡ് ചെയ്തു
Tuesday, August 12, 2025 3:02 AM IST
തിരുവനന്തപുരം: ജനറൽ ആശുപത്രിക്കു സമീപം അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന വട്ടിയൂർക്കാവ് സ്വദേശി എ.കെ. വിഷ്ണുനാഥ്, ബന്ധു വിജയൻ എന്നിവരുടെ ലൈസൻസുകൾ റദ്ദാക്കി.
ലൈസൻസ് നേടിയശേഷം നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് പരിശീലനത്തിന് ഇറങ്ങിയതാണ് അപകടത്തിന്റെ ആഴം വർധിപ്പിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതിൽ വിഷ്ണുനാഥാണ് കാർ ഓടിച്ചിരുന്നത്.
ലൈസൻസ് നേടിയ ശേഷമുള്ള ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
അതേസമയം അപകടത്തിൽ പരിക്കേറ്റ അഞ്ചു പേരിൽ നാലുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ജനറൽ ആശുപത്രിക്കു മുന്നിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരായ പേയാട് സ്വദേശി സുരേന്ദ്രൻ (50), വഴയില കരകുളം സ്വദേശി ഷാഫി(40), ചെന്നിലോട് സ്വദേശി കുമാർ(52), വഴിയാത്രക്കാരായ ശ്രീപ്രിയ(45), ആഞ്ജനേയൻ(49) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ സുരേന്ദ്രൻ, ആഞ്ജനേയൻ എന്നിവരുടെ നില ഗുരുതരാവസ്ഥയിലും ഷാഫി, ശ്രീപ്രിയ എന്നിവരുടെ നില അതീവ ഗുരുതരാവസ്ഥയിലുമാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇവരുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
ഞായർ ഉച്ചയ്ക്ക് 12.30നായിരുന്നു നഗരത്തെ നടുക്കിയ അപകടം നടന്നത്. ഡ്രൈവിംഗ് പരിശീലനത്തിന്റെ ഭാഗമായി പാറ്റൂർ ഭാഗത്തു നിന്നും പാളയത്തേക്കു വരികയായിരുന്ന കാർ ജനറൽ ആശുപത്രിക്കു മുന്നിലെത്തിയപ്പോൾ നിയന്ത്രണംവിട്ടു നടപ്പാതയിലേക്കു പാഞ്ഞു കയറുകയായിരുന്നു. ബ്രേക്കിനു പകരം ആക്സിലറേറ്ററിൽ കാൽ ചവിട്ടിയതാണ് അപകടത്തിനു കാരണമെന്നാണു പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.