ബന്ദിപ്പുരിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിക്കു പരിക്ക്
Tuesday, August 12, 2025 3:02 AM IST
സുൽത്താൻ ബത്തേരി: ബന്ദിപ്പുരിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിക്കു പരിക്കേറ്റു. റോഡരികിൽ നിൽക്കുന്ന കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ആന ഇദ്ദേഹത്തെ അക്രമിച്ചത്. ഞായറാഴ്ചയാണു സംഭവം. റോഡിൽ കാട്ടുക്കൊന്പൻ നിൽക്കുന്നത് കണ്ട് റോഡിന് ഇരുവശത്തും വാഹനങ്ങൾ നിർത്തി ആളുകൾ ഫോട്ടോ എടുക്കുകയായിരുന്നു.
വനത്തിലേക്ക് അല്പം മാറിനിന്ന് ഫോട്ടോയെടുക്കുകയായിരുന്ന ആളെ ഉന്നംവച്ചാണ് കാട്ടാന ആക്രമണം നടത്തിയത്. ഇയാൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ആന നേർക്ക് വരുന്നത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്പോൾ പിന്തുടർന്ന് ആക്രമിച്ചു. കാലുകൊണ്ട് തട്ടിയിട്ട് ചവിട്ടാൻ ശ്രമിച്ചെങ്കിലും ദേഹത്ത് തട്ടാതിരുന്നത് രക്ഷയായി. ഇയാളുടെ കാലുകൾക്കു പരിക്കേറ്റിട്ടുണ്ട്.പരിക്ക് ഗുരുതരമല്ല. നിരവധി പേർ നോക്കി നിൽക്കുന്പോഴാണ് കാട്ടാനയുടെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.
വനമേഖലയിലൂടെ സഞ്ചരിക്കുന്പോൾ ആളുകൾ റോഡ് അരികിൽ നിൽക്കുന്ന ആനകളെ ഫോട്ടോയെടുക്കാനും സെൽഫി എടുക്കാനും ശ്രമിക്കുന്നത് പതിവാണ്. വന്യമൃഗങ്ങൾ പലപ്പോഴും വാഹന യാത്രക്കാർക്ക് നേരെ പാഞ്ഞടുക്കും.
ആനതാരകൾ ഉൾപ്പെട്ട വനമേഖലയിൽ വാഹനങ്ങൾ നിർത്തുന്നതിനും വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനും കർശന വിലക്കുണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ല. വനാതിർത്തികളിൽ വാഹനങ്ങൾ നിർത്തി ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ നിയമമുണ്ടെങ്കിലും പലപ്പോഴും പോലീസ് തയാറാകുന്നില്ല. ഇത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമാകുന്നുണ്ട്.