മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു
Tuesday, August 12, 2025 2:08 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ മൈക്കിൾ(65), കടയ്ക്കാവൂർ തെക്കുംഭാഗം ശാലോം ഭവനിൽ ജോസഫ് റൂബിൻ(40) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ അനുവിന്റെ ഉടമസ്ഥതയിലുള്ള കർമലമാതാ എന്ന വള്ളത്തിലാണ് ഇവർ ഉൾപ്പെട്ട അഞ്ചംഗ സംഘം മത്സ്യബന്ധനത്തിനായി പോയത്. മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.
അനു ഉൾപ്പെടെ മൂന്നു പേരെ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നു രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.