കോതമംഗലത്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; മതംമാറ്റ ആരോപണം തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തും
Tuesday, August 12, 2025 3:29 AM IST
കോതമംഗലം: ആലുവയിലെ കോളജ് പഠനകാലത്താണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയും റെമീസും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ചു റെമീസിന്റെ മാതാപിതാക്കൾ പെൺകുട്ടിയുടെ വീട്ടിൽ വന്നിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവ് മരിച്ച് 40 ദിവസം പൂർത്തിയായ സമയമായിരുന്നു. ഒരു വർഷം കഴിഞ്ഞു വിവാഹം നടത്താമെന്നു പറഞ്ഞതായി വിദ്യാർഥിനിയുടെ സഹോദരൻ പറഞ്ഞു.
ഇതിനിടെ റെമീസിനെ അനാശാസ്യത്തിന് ലോഡ്ജിൽനിന്നു പോലീസ് പിടികൂടി. എന്നിട്ടും വിദ്യാർഥിനി ക്ഷമിച്ചുവെന്നും ഇനി രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് റെമീസിനെ അറിയിക്കുകയായിരുന്നു.
മതംമാറാന്‍ യുവതി ആദ്യം തയാറായിരുന്നുവെങ്കിലും റെമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതം മാറില്ലെന്ന തീരുമാനത്തിലെത്തി. യുവതിയുടെ ഒരു സുഹൃത്താണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്.
യുവതിയെ റെമീസിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയും മുറിയില്‍ പൂട്ടിയിട്ടശേഷം മതംമാറണമെന്നാവശ്യപ്പെട്ടു മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കൂട്ടുകാരി പുറത്തുവിട്ട വിവരം.
റെമീസിനൊപ്പം മാതാപിതാക്കളും റെമീസിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും കൂട്ടുകാരി പറഞ്ഞതായി വിദ്യാർഥിനിയുടെ ബന്ധുക്കള്‍ പറഞ്ഞു. റെമീസിനു മകളോട് പ്രണയമുണ്ടായിരുന്നില്ലെന്നും മതംമാറ്റിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും യുവതിയുടെ അമ്മ പറഞ്ഞു.
മതംമാറ്റ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതു സത്യമെന്നു തെളിഞ്ഞാല്‍ മാത്രം റെമീസിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വീടിനുള്ളില്‍ പൂട്ടിയിട്ടു മര്‍ദിച്ചുവെന്ന ആരോപണത്തില്‍ റെമീസിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ കേസെടുക്കും.
ജീവനൊടുക്കുന്നതിനുമുന്പ് യുവതി റെമീസിനയച്ച സന്ദേശത്തിനു മറുപടിയായി “നീ പോയി മരിക്കെന്നു’’ഇയാൾ പറഞ്ഞതായും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ പി.എ. ഫൈസലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുറച്ചു വർഷങ്ങളായി ആലങ്ങാട് പാനായിക്കുളം ഭാഗത്ത് വന്നു താമസിക്കുന്നതാണ് റെമീസിന്റെ കുടുംബം. ഇറച്ചിവെട്ടാണു പിതാവിന് ജോലി. ഇടയ്ക്ക് റെമീസും ഇറച്ചിവെട്ട് ജോലിക്കായി പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാർ പറയുന്നു. യുവാവിന് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി നാട്ടുകാർ പറയുന്നു.