സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിനെ ഓട്ടോണമസ് സ്ഥാപനമായി പ്രഖ്യാപിച്ചു
Tuesday, August 12, 2025 1:04 AM IST
കൊടകര: കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റങ്ങള്‍ വലിയതോതിലുള്ള നേട്ടങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഓട്ടോണമസ് പദവിപ്രഖ്യാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിയിരുന്നു മന്ത്രി.
പ്രാഥമിക വിദ്യാഭ്യാസരംഗത്തും പ്രാഥമിക ആരോഗ്യരംഗത്തും കേരളം ആര്‍ജിച്ച പുരോഗതി രാജ്യത്തിനുതന്നെ വിസ്മയകരമാണെന്നു മന്ത്രി പറഞ്ഞു. അന്താരാഷ്ട്രനിലവാരമുള്ള പഠനത്തോടൊപ്പം കായികമേഖലയിലും പ്രത്യേകശ്രദ്ധ നല്കുന്ന സഹൃദയ കോളജിനെ മന്ത്രി അഭിനന്ദിച്ചു.
അക്കാദമിക മേഖലയ്ക്കു പുറമേ, കായികരംഗത്തും മികവു പുലര്‍ത്തുന്ന സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സ്കില്‍ ഡെവലപ്മെന്റ്, ഹ്യൂമന്‍ എക്സലന്‍സ് എന്നിവയില്‍ ഊന്നല്‍ നല്കി, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ സമര്‍ഥമായി അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാണെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്ന് ഓണ്‍ലൈനില്‍ നല്കിയ സന്ദേശത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. റവന്യു മന്ത്രി കെ. രാജനും ഓണ്‍ലൈനില്‍ സന്ദേശം നല്കി.
സഹൃദയ പ്രഫഷണല്‍ അക്കാദമിയുടെ ശിലാസ്ഥാപനം ചടങ്ങില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. എക്സാം കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം സനീഷ്കുമാര് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു.
2025 പാസ്ഔട്ട് ബാച്ചിലെ ഏഴ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് താരങ്ങളെയും റാങ്ക് ജേതാക്കളെയും എസിസിഎ, സിഎംഎ യുഎസ്, സിഎ അഫിലിയേറ്റുകളെയും ചടങ്ങില്‍ അനുമോദിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, സഹൃദയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, സഹൃദയ കോളജ് അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജോജി കല്ലിങ്ങല്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍, പ്രഫ. വി.ജെ. തോമസ്, ഡോ.എം.ബി. ഷീബ, പ്രഫ. ഡോ. ജെ. സനില്‍രാജ്, പിടിഎ പ്രതിനിധി നൈസി ബേബി, പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രതിനിധി ദീപക് എസ്. മേനോന്, വിദ്യാര്‍ഥി പ്രതിനിധി ഓസ്റ്റിന്‍ ബിനോയ്, പ്രോഗ്രാം കണ്‍വീനര്‍ ഡോ. സ്വപ്ന സി. കോമ്പാത്ത് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളുടെ കലാപരിപാടികളും റെഡ് ബാന്‍ഡിന്റെ നേതൃത്വത്തില്‍ മ്യൂസിക് പ്രോഗ്രാമും ഉണ്ടായിരുന്നു.