നെല്ല് സംഭരണ കുടിശിക കൊടുത്തുതീർക്കും; വെളിച്ചെണ്ണവില വീണ്ടും കുറയ്ക്കും: മന്ത്രി ജി.ആർ. അനിൽ
Tuesday, August 12, 2025 1:04 AM IST
ആലപ്പുഴ: ഓണത്തിനു മുൻപ് കർഷകർക്കുള്ള നെല്ലുസംഭരണ കുടിശിക നൽകുമെന്നും വെളിച്ചെണ്ണ വില വീണ്ടും കുറയ്ക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
ആലപ്പുഴയിൽ നടക്കുന്ന ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റേഷൻ വ്യാപാരികൾക്കുള്ള വിരമിക്കൽ പ്രായം 70 വയസ് എന്നത് തത്കാലം നടപ്പിലാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത് പുനഃപരിശോധനയിലാണ്. റേഷൻ വ്യാപാരികളുടെ സേവന വേതനങ്ങൾ കൃത്യമായി സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റേഷൻ കടക്കാരുമായി തർക്കമുള്ള വിഷയങ്ങൾ സർക്കാർ ചർച്ചയിലൂടെ പരിഹരിക്കും. ഏത് പ്രതിസന്ധി ഉണ്ടായാലും പൊതുവിതരണ സംവിധാനം സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻകട വ്യാപാരികൾ ഉന്നയിച്ച കടകളുടെ സമയക്രമം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, വിശ്വംഭർ ബസു, സ്വാഗത സംഘം ജനറൽ കൺവീനർ ബി. ഉണ്ണികൃഷ്ണപിള്ള, സംസ്ഥാന ട്രഷറർ എം. മുഹമ്മദാലി, അജി പുത്തൂർ, മോഹൻ ഭരണിക്കാവ്, ജോസ് കാവനാട്, അനിൽ തോമസ്, ജോൺസൺ വിളിനാൽ, പ്രഭുകുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി വിഷയാവതരണം നടത്തി. സെബാസ്റ്റ്യൻ ചൂണ്ടൽ, ഇ.എ. ആന്റണി, പി. ജോസഫ്, ശ്രീജൻ, നടരാജൻ, കെ.ഡി. റോയി, തോമസ് മാത്യു, പ്രഭുകുമാർ എന്നിവർ പ്രസംഗിച്ചു.
കെ.സി. വേണുഗോപാൽ എംപി സമ്മേളനസ്ഥലത്ത് എത്തി പ്രതിനിധികളെ അഭിവാദ്യം ചെയ്തു. തുടർന്ന് റേഷൻ വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.