ഇവിടെത്തന്നെയുണ്ട്ട്ടോ....ദാ തെളിവ്; കേന്ദ്ര ഉദ്യോഗസ്ഥരുമായുള്ള ചർച്ചയുടെ ചിത്രം
പങ്കിട്ട് സുരേഷ്ഗോപി
Tuesday, August 12, 2025 3:02 AM IST
തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപിയെ കാണാനില്ലെന്ന പരാതിയും ആക്ഷേപവും നിലനിൽക്കെ പാർലമെന്റ് മന്ദിരത്തിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കിട്ട് സുരേഷ്ഗോപി. തന്നെ കാണാനില്ലെന്ന വിമർശനത്തിനുള്ള മറുപടികൂടിയാണു സുരേഷ്ഗോപി നൽകിയിരിക്കുന്നതെന്നാണു സൂചന.
പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയെന്ന കുറിപ്പോടെയാണു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രാജ്യസഭയിൽ തിങ്കളാഴ്ച ചർച്ചചെയ്ത പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയുമായി ബന്ധപ്പെട്ടാണു പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതെന്നു സുരേഷ് ഗോപി കുറിപ്പിൽ പറയുന്നു.
ക്രൈസ്തവർക്കെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, ഞങ്ങൾ ഡൽഹിക്കയച്ച നടനെ കാണാനില്ലെന്ന ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ പോസ്റ്റ് ഏറെ ചർച്ചയായിരുന്നു.
തൃശൂർ എംപിയെ കാണാനില്ലെന്നു പറഞ്ഞ് കെഎസ്യു പോലീസിൽ പരാതിനൽകിയിരുന്നു. സുരേഷ് ഗോപി എവിടെ എന്ന് ആവർത്തിച്ചുചോദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും പരിഹസിച്ചിരുന്നു.