തൃശൂരിൽ 30,000 മുതൽ 60,000 വരെ വ്യാജവോട്ട്: മന്ത്രി വി. ശിവൻകുട്ടി
Wednesday, August 13, 2025 1:00 AM IST
തൃശൂർ: തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും മണ്ഡലത്തിൽ റീ ഇലക്ഷൻ നടത്തണമെന്നും മന്ത്രി വി. ശിവൻകുട്ടി.
തൃശൂരിൽ മുപ്പതിനായിരം മുതൽ അറുപതിനായിരംവരെ വ്യാജ വോട്ടുകൾ ചേർത്തിരിക്കാനാണു സാധ്യത. സുരേഷ്ഗോപിയുടെ മൗനം ദുരൂഹമാണ്. മാന്യതയുണ്ടെങ്കിൽ സുരേഷ്ഗോപി വ്യാജവോട്ടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച് വോട്ടർമാരോടു മാപ്പുപറയണമെന്നു ശിവൻകുട്ടി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യം മറയ്ക്കാൻവേണ്ടിയുള്ള ശ്രമമാണ്.
തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തുകയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത്. സത്യസന്ധമായ വോട്ടർപട്ടിക തയാറാക്കണം. ബിജെപി ജനാധിപത്യത്തെ എത്ര നിസാരമായാണു കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വൻതോതിൽ പണം മുടക്കുന്നു. സുരേഷ്ഗോപി മോഡൽ വോട്ടുചേർക്കൽ നടക്കുന്നു. തിരുവനന്തപുരം കോർപറേഷനിലും സുരേഷ് ഗോപി മോഡൽ ഉണ്ട്. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ പേര് വോട്ടർപട്ടിക ക്രമക്കേടിൽ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ഇത്രയും മറിമായം വേറെ എവിടെയും കണ്ടിട്ടില്ല. സുരേഷ് ഗോപിക്കു നാണമില്ലേ എന്നും ശിവൻകുട്ടി ചോദിച്ചു.
വീട്ടുടമസ്ഥർക്കുപോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നതു ഗുരുതരമായ കുറ്റമാണ്. ഇതു നഗ്നമായ ജനാധിപത്യ കശാപ്പാണ്.
ഓരോ വോട്ടറും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളണം -ശിവൻകുട്ടി പറഞ്ഞു.