തെരഞ്ഞെടുപ്പു കമ്മീഷന്റെ വിധി കാത്ത് 36 ലക്ഷം പേർ
Wednesday, August 13, 2025 1:00 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാനും തെറ്റുകൾ തിരുത്താനുമായി അപേക്ഷിച്ചത് 36 ലക്ഷം പേർ. ദീർഘിപ്പിച്ച സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് ഇത്രയധികം അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിലെത്തിയത്.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കാൻ 29.81 ലക്ഷത്തോളം പേരാണ് അപേക്ഷ നൽകിയത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ അപേക്ഷിച്ചത്. 4.2 ലക്ഷം പേർ. കോഴിക്കോട് ജില്ലയിൽ 3.2 ലക്ഷം പേർ അപേക്ഷ നൽകി.
കേന്ദ്ര ഇലക്്ഷൻ കമ്മീഷൻ വോട്ടിംഗ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന തൃശൂർ ജില്ലയാണ് മൂന്നാമത്. ഇവിടെ 3.17 ലക്ഷം പേരാണ് അപേക്ഷകർ. വയനാട് ജില്ലയിൽ 75244 പേരാണ് പുതിയ വോട്ടർമാരാകാൻ അപേക്ഷ നൽകിയത്.
വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്താനായി 1.81 ലക്ഷം പേരാണ് അപേക്ഷ നൽകിയത്. വാർഡ് പുനർവിഭജനം അടക്കം നടന്ന സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടാണ് ഉണ്ടായത്.
ഇനി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മണ്ഡലമാറ്റം അടക്കമുള്ള കാര്യങ്ങൾക്കുമായി ഹിയറിംഗ് നടപടികൾ നടക്കും. ഓണ്ലൈനായി ലഭിക്കുന്ന ഹിയറിംഗിനുള്ള തീയതിയിലും സമയത്തും ആവശ്യമുള്ള രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികൃതരുടെ മുന്നിൽ ഹാജരാകണം.
ഹിയറിംഗ് നടപടിക്രമവും പൂർത്തിയായ ശേഷം മാത്രമാകും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനോട് അനുബന്ധിച്ചും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകും.