കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്ന സംഭവം; അന്വേഷണത്തിനു വനംമന്ത്രിയുടെ നിർദേശം
Wednesday, August 13, 2025 1:00 AM IST
ആറളം: മലയോരത്ത് കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്ന സംഭവത്തിൽ അന്വേഷണത്തിനു നിർദേശം നൽകി വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
സംഭവം ഗൗരവത്തോടെയാണു കാണുന്നതെന്നും ജില്ലാ കളക്ടർ സിസിഎഫ്, ഡിഎഫ്ഒ എന്നിവരോടു സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വെറ്ററിനറി ഡോക്ടർമാരോടു കൂടുതൽ പരിശോധനകൾ നടത്തി കാരണമെന്താണെന്നു കണ്ടെത്താനും ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
ആറളം ഫാമിൽ കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ എപ്പിഡമിയോളജിസ്റ്റ് ലാബോറട്ടറി വെറ്ററിനറി സർജൻ ഇരിട്ടി വെറ്ററിനറി പോളി ക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ, അടയ്ക്കാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ എന്നിവർ സ്ഥലം സന്ദർശിക്കുകയും പോസ്റ്റ്മോർട്ടം നടത്തി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
കാട്ടുപന്നിയുടെ ജഡം അഴുകിയ നിലയിലായതിനാൽ മൈക്രോ ബയോളജി പരിശോധന സാധ്യമല്ലാത്തതിനാൽ ആഫ്രിക്കൻ പന്നിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളുടെ പിസിആർ നിർണയത്തിനായി സാമ്പിളുകൾ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിലേക്ക് അയച്ചിട്ടുണ്ട്.
കൂടാതെ ആഫ്രിക്കൻ പന്നിപ്പനി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശപ്രകാരം രോഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്കും അയയ്ക്കും.