സന്യസ്തര്‍ക്കെതിരായ അതിക്രമം: ശക്തമായ ഇടപെടലുകള്‍ വേണമെന്ന് കെസിബിസി വിമൻസ് കമ്മീഷന്
Wednesday, August 13, 2025 1:00 AM IST
കൊച്ചി: സന്യസ്തര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍, വ്യാജപ്രചാരണങ്ങള്‍, വര്‍ഗീയ വിദ്വേഷങ്ങള്‍ തുടങ്ങിയവ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണസാരഥികളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കെസിബിസി വിമൻസ് കമ്മീഷന്.
വര്‍ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങള്‍ സാമൂഹിക സാമുദായിക സുരക്ഷയ്ക്കു ഭീഷണിയാണ്. ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, സാമൂഹികസേവന കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്തുത്യര്ഹരീതിയില് നടത്തിവരുന്ന സന്യസ്തര്‍ ഇവയെല്ലാം മതപരിവര്‍ത്തന വേദിയായി മാറ്റിയിരുന്നെങ്കില്‍ ന്യൂനപക്ഷമായി ഇന്നും തുടരേണ്ടിവരില്ലായിരുന്നു.
വര്ഗീയവിഷപ്രചാരകന് നഷ്ടപ്പെടുത്തുന്നത് ഭാരതത്തിന്റെ അന്തസിനെയാണ്. തെരഞ്ഞെടുപ്പ്, ജനാധിപത്യം, ഭരണസംവിധാനം എന്നിവയിലുള്ള വിശ്വാസം ജനങ്ങള്‍ക്കു നഷ്ടപ്പെട്ടാല്‍ അതു രാജ്യത്തിന്റെ നിലനില്പിനെത്തന്നെ ബാധിക്കുമെന്നും വിമൻസ്് കമ്മീഷന് ചൂണ്ടിക്കാട്ടി.