സഹോദരിമാരുടെ കൊലപാതകത്തിനു പിന്നാലെ കാണാതായ സഹോദരന്റെ മൃതദേഹം കണ്ടെത്തി
Wednesday, August 13, 2025 1:00 AM IST
കോഴിക്കോട്: വൃദ്ധസഹോദരിമാരുടെ കൊലപാതകത്തിനു പിന്നാലെ കാണാതായ സഹോദരന്റെ മൃതദേഹം കണ്ടെത്തി. നടക്കാവ് മൂലന്‍കണ്ടി വീട്ടില്‍ പ്രമോദി(62)ന്റെ മൃതദേഹമാണു തലശേരി കുയ്യാലി പുഴയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയത്. കേസന്വേഷിക്കുന്ന ചേവായൂര്‍ പോലീസും ബന്ധുക്കളും ഇന്നലെ രാവിലെ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ തലശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പ്രമോദ് ആത്മഹത്യ ചെയ്തതാകാമെന്നാണു പ്രാഥമിക നിഗമനം.
കഴിഞ്ഞ ശനിയാഴ്ചയാണ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന ശ്രീജയ (72), പുഷ്പ (68) എന്നിവര്‍ കൊല്ലപ്പെട്ടത്. മരണവിവരം ബന്ധുക്കളെയും സുഹൃത്തിനെയും അറിയിച്ചതിനു പിന്നാലെ പ്രമോദിനെ കാണാതാകുകയായിരുന്നു.
സഹോദരിമാര്‍ക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് ഇരുവരേയും കൊലപ്പെടുത്തിയ ശേഷം വീട് വിട്ടിറങ്ങുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രമോദിനായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സിസിടിവിയില്‍നിന്ന് പ്രമോദിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. എരഞ്ഞിപ്പാലം വരെയുള്ള ദൃശ്യങ്ങളാണു ലഭിച്ചത്. പിന്നീട് ബസില്‍ കയറി പോവുകയായിരുന്നു. ഫറോക്ക് പാലത്തിനു സമീപത്ത് പ്രമോദ് എത്തിയിരുന്നതായി മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് പോലീസ് കണ്ടെത്തി.
അന്വേഷണം നടക്കുന്നതിനിടെയാണു തലശേരിയില്‍ മൃതദേഹം കണ്ടെത്തിയത്. ഫറോക്കില്‍ നിന്ന് തലശേരിയിലേക്ക് എങ്ങനെ പോയെന്നത് വ്യക്തമല്ല. ശാരീരികാസ്വാസ്ഥ്യതകളുള്ള സഹോദരങ്ങളെ പ്രമോദായിരുന്നു ശുശ്രൂഷിച്ചിരുന്നത്.
ഇരുവരുടെയും അസുഖങ്ങള്‍ പ്രമോദിനെ മാനസികമായി തളര്‍ത്തിയിരുന്നു. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് സ്വയം ജീവനൊടുക്കിയതാണെന്ന സംശയത്തിലാണ് അന്വേഷണസംഘം.