എയ്ഡഡ് സ്കൂൾ നിയമനം; സമരപ്രഖ്യാപന കണ്വൻഷൻ തൃശൂരിൽ 16ന്
Wednesday, August 13, 2025 1:00 AM IST
തൃശൂർ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 2018 മുതൽ നിയമനാംഗീകാരമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ പ്രശ്നത്തിൽ പ്രതിഷേധമുയരുന്നു.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ 16നു തൃശൂരിൽ സമരപ്രഖ്യാപന കണ്വൻഷൻ നടക്കും. സിബിസിഐ പ്രസിഡന്റ്കൂടിയായ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ പങ്കെടുക്കും.
നിയമനപ്രശ്നത്തിൽ എൻഎസ്എസ് നൽകിയ ഹർജിയിൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്ക് അനുകൂലമായി 2025 മാർച്ച് നാലിനു സുപ്രീംകോടതിയുടെ വിധി വന്നിരുന്നു. സമാനമായ കേസുകളിൽ മറ്റ് അധ്യാപകർക്കും നിയമനാംഗീകാരം നൽകാനും സുപ്രീംകോടതി നിർദേശിച്ചതാണ്.
എന്നാൽ ഇതുസംബന്ധിച്ച് മാർച്ച് 17നു സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ നിയമനാംഗീകാരം എൻഎസ്എസ് മാനേജ്മെന്റുകളിലെ അധ്യാപകർക്കുമാത്രമായി പരിമിതപ്പെടുത്തി. തുടർന്ന് കെസിബിസിയുടെ മാനേജ്മെന്റ് കണ്സോർഷ്യം ഹൈക്കോടതിയെ സമീപിക്കുകയും സമാനമായ വിധി നേടുകയും ചെയ്തു.
എന്നാൽ, എൻഎസ്എസിനു ലഭിച്ച കോടതിവിധിയുടെ സമാനമായ സാഹചര്യം ഉണ്ടായിട്ടും കത്തോലിക്കാസഭയുടെ മാനേജ്മെന്റുകളിലെ അധ്യാപകനിയമനങ്ങൾ നിരസിച്ചുകൊണ്ട് ജൂലൈ 31നു സംസ്ഥാനസർക്കാർ ഉത്തരവിറക്കി. ഇതു കടുത്ത വിവേചനമാണെന്നു കത്തോലിക്കാസഭ കുറ്റപ്പെടുത്തുന്നു. കെസിബിസി യോഗവും ഈ നയസമീപനങ്ങൾ കടുത്ത വിവേചനപരമാണെന്നു നിരീക്ഷിച്ചിരുന്നു.
1996 മുതൽ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനസർക്കാർ നടപ്പിലാക്കിയ നാലു ശതമാനം അധ്യാപകസംവരണം ഒറ്റയടിക്കു നടപ്പിലാക്കിയതാണ് പ്രശ്നം ഗുരുതരമാക്കിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ ബാക്ക് ലോഗ് ഒറ്റയടിക്കു പരിഹരിക്കാനുള്ള സർക്കാർശ്രമങ്ങൾ പ്രശ്നം വഷളാക്കി. ഭിന്നശേഷിസംവരണം നടപ്പിലാക്കാൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ തയാറായിരുന്നു.
തസ്തികകൾ ചൂണ്ടിക്കാണിച്ച് നിയമനത്തിനായി സർക്കാരിന് അനുമതിപത്രം നൽകിയെങ്കിലും യോഗ്യതയുള്ള അധ്യാപകരെ ലഭ്യമാകുന്നില്ല എന്നതാണ് യാഥാർഥ്യം. ഭിന്നശേഷിവിഭാഗത്തിൽ മൂവായിരത്തോളം അധ്യാപകതസ്തികകൾ ഉണ്ടെങ്കിലും ഈ വിഭാഗത്തിൽ യോഗ്യതയുള്ള അഞ്ഞൂറോളം അധ്യാപകരെ മാത്രമേ നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിട്ടുള്ളൂ.
25 വർഷത്തെ ബാക്ക് ലോഗ് പൂർണമായും പരിഹരിച്ചാൽമാത്രമേ അധ്യാപകനിയമനങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നാണ് സംസ്ഥാനസർക്കാർ നിലപാട്. ഈ ഉത്തരവാണ് എൻഎസ്എസ് സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്.
ഭിന്നശേഷിവിഭാഗത്തിൽപ്പെട്ട അധ്യാപകതസ്തികകൾ മാറ്റിവച്ചതിനുശേഷം മറ്റു തസ്തികകളിൽ നിയമന അംഗീകാരം നൽകണമെന്ന വാദമാണ് കോടതി അംഗീകരിച്ചത്. ഇതേത്തുടർന്നാണ് സർക്കാർ ചില മാനേജ്മെന്റുകളെ പരിഗണിച്ചതും ചില മാനേജ്മെന്റുകളെ അവഗണിച്ചതും.
മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ആണയിടുന്നവർ, മറ്റു മാനേജ്മെന്റുകൾക്കു നൽകുന്ന പരിഗണനപോലും തങ്ങൾക്കു നിഷേധിക്കുന്നു എന്നാണ് സഭയുടെ ആക്ഷേപം.
സർക്കാരിന്റെ നിലവിലുള്ള ഉത്തരവനുസരിച്ച് നവംബർ 18 മുതൽ 2021 നവംബർ ഏഴുവരെയുള്ള അധ്യാപക നിയമനങ്ങൾ തികച്ചും താത്കാലികമായിട്ടാണ് അംഗീകരിച്ചിരിക്കുന്നത്. ഈ വിഭാഗം അധ്യാപകർക്കു പ്രൊബേഷൻ, ഇൻക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.