മാസപ്പടി: ഇന്ററിം ബോര്‍ഡിനെക്കൂടി കേള്‍ക്കേണ്ടതുണ്ടെന്ന്
Wednesday, August 13, 2025 1:50 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡിനെക്കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് ഹര്ജിക്കാരന്.
നോട്ടീസ് അയച്ചിട്ടും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് മറുപടി നല്‍കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് നല്കിയ ഹര്‍ജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു ഇന്‍കംടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണു സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
ഹര്‍ജി വീണ്ടും സെപ്റ്റംബര്‍ 16ന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി.