ആഘോഷവേളകളിൽ യൂണിഫോം വേണ്ട: വിദ്യാഭ്യാസ മന്ത്രി
Wednesday, August 13, 2025 1:00 AM IST
തൃശൂർ: സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഓണം, റംസാൻ പോലുള്ള ആഘോഷങ്ങൾക്കു കുട്ടികൾക്കു യൂണിഫോം ഒഴിവാക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജനുവരി ഏഴുമുതൽ 11 വരെ തൃശൂരിൽ നടക്കുന്ന 64-ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആഘോഷദിവസങ്ങളിൽ യൂണിഫോം ഒഴിവാക്കിത്തരണമെന്ന കണ്ണൂരിലെ ഒരു സ്കൂളിലെ വിദ്യാർഥിയുടെ ആവശ്യപ്രകാരമാണു തീരുമാനം നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നു വർഷം തുടർച്ചയായി വിധികർത്താക്കളായിരുന്നവരെ ഇത്തവണ ഒഴിവാക്കും.
കുട്ടികളെ വാഹനത്തിൽ കൊണ്ടുവന്നു പരിപാടികൾ കാണിക്കാനുള്ള ക്രമീകരണങ്ങൾ സ്കൂളുകൾ ഏർപ്പെടുത്തണം. കലോത്സവത്തിനെത്തുന്നവർക്കു വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാൻ ഒരോ വിദ്യാർഥിയുടെയും വീടുകളിൽനിന്നു പലചരക്ക്, പച്ചക്കറികൾ ശേഖരിക്കാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞവർഷത്തെ കലോത്സവ വിജയികളായ തൃശൂരിന്റെ മണ്ണിലാണു സ്വർണക്കപ്പ് സൂക്ഷിച്ചിട്ടുള്ളതെങ്കിലും കാസർഗോഡുനിന്ന് ഘോഷയാത്രയായി തൃശൂരിലേക്കു കൊണ്ടുവരും. ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും സ്വർണക്കപ്പ് പര്യടനം നടത്തും. എല്ലാവരുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും ഉൾക്കൊണ്ടാണു കലോത്സവനടത്തിപ്പു തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
28 വേദികളിൽ 249 ഇനങ്ങളിലായി 14,000ത്തോളം കലാകാരന്മാരാണു തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കുക. ഇതിനു മുന്നോടിയായി സ്കൂൾ, ഉപജില്ല, ജില്ലാ കലോത്സവങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്.
മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി പ്രഫ. ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, ഇ.ടി ടൈസൺ, സനീഷ്കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, എം.കെ. അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സംഗീതസംവിധായകൻ വിദ്യാധരൻമാസ്റ്റർ, സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.