"സിസ്റ്റം' തകരാറിൽ; വയനാട് പുനരധിവാസമടക്കം സ്തംഭനത്തിലേക്ക്
Wednesday, August 13, 2025 1:50 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള ദുരന്തനിവാരണ അഥോറിറ്റിയിൽ ഉന്നതർ തമ്മിലുള്ള ശീതസമരത്തെത്തുടർന്നു ഫയൽ നീക്കം മന്ദഗതിയിലായി. വയനാട് ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ടതടക്കമുള്ള ഫയലുകൾ കെട്ടിക്കിടക്കുകയാണ്. ജീവനക്കാരുടെ ശമ്പളവിതരണമടക്കം മുടങ്ങുന്ന സാഹചര്യമായി.
ദുരന്ത പ്രതികരണ നിധിയിൽനിന്നു സർക്കാരിലേക്കു പോകുന്ന ഫയലുകളിൽ ചില ഉന്നതർ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുന്നതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതെന്നാണ് ആരോപണം.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ഫയലുകളിൽ മന്ത്രിമാരോ ജനപ്രതിനിധികളോ ഇടപെടുമ്പോൾ മാത്രമാണ് അൽപമെങ്കിലും അനക്കം വയ്ക്കുന്നത്. ഇവരുടെ ശ്രദ്ധ വിടുന്നതോടെ വീണ്ടും ചുവപ്പുനാടയിൽ കുരുങ്ങും.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയിൽ 86 തസ്തികകൾക്കാണ് സർക്കാർ അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ മെംബർ സെക്രട്ടറിയടക്കം ഏതാനും തസ്തികകളിൽ മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്. മറ്റുള്ളവരെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
ശമ്പളവിതരണം മുടങ്ങിയതോടെ ജീവനക്കാർ കൂട്ടത്തോടെ വിട്ടുപോയ സ്ഥിതിയുണ്ടായി. ഇതോടെ അഥോറിറ്റിയുടെ 24 മണിക്കൂർ പ്രവർത്തനം ഉറപ്പാക്കാനും കഴിയാതായി.
അഥോറ്റിറ്റി ഫണ്ടിൽനിന്നാണ് ജീവനക്കാർക്കു ശമ്പളം നൽകേണ്ടത്. വർക്കിംഗ് ഗ്രൂപ്പുകൾ അംഗീകരിച്ച പ്ലാൻ പദ്ധതി ഫയലുകൾ സർക്കാരിലെ ഉന്നതൻ മടക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.
വ്യക്തിതാത്പര്യങ്ങൾക്കായി അധികാര ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും അവർ ഉന്നയിക്കുന്നു. ദുരന്തനിവാരണ അഥോറിറ്റിയുടെ പേരിൽ വാങ്ങുന്ന വാഹനങ്ങൾ ഉന്നതർ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായും ജീവനക്കാർ ആരോപിക്കുന്നു.
ഇവിടത്തെ കരാർ ജീവനക്കാരെ ഉന്നതരുടെ വീട്ടിലെ ജോലിക്കായി നിയോഗിക്കാൻ ആവശ്യപ്പെട്ടതായും ജീവനക്കാരുടെ സംഘടനാ നേതാക്കൾ മന്ത്രിമാർക്കടക്കം നൽകിയ പരാതിയിൽ പറയുന്നു.