അവയവങ്ങൾ പകുത്തുനൽകി ദന്പതിമാർ; സഹോദരന് പുതുജീവിതം
Wednesday, August 13, 2025 1:00 AM IST
കൊച്ചി: സഹോദരിയുടെ വൃക്കയും സഹോദരീഭർത്താവിന്റെ കരളും ആലുവ സ്വദേശിയായ ശ്രീനാഥ് ബി. നായരുടെ ജീവിതത്തിനു പകർന്നത് പുതുതാളം. കരളും വൃക്കയും തകരാറിലായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തനിക്കു പുതുജീവിതം സമ്മാനിച്ച കുടുംബത്തിനു മുന്പിൽ ആദരവോടെ നന്ദി പറയുകയാണ് ഈ 43 കാരൻ.
ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ ശ്രീനാഥിനു സഹോദരി ശ്രീദേവിയും ഭർത്താവ് വിപിനുമാണ് അവയവദാനം നടത്തിയത്. ഇരുവരുടെയും സ്നേഹാർദ്രമായ ഇടപെടൽ, കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ സങ്കീർണമായ ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വഴിയൊരുക്കി; അത് ശ്രീനാഥിന് പുതുജീവനുമായി.
ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് ആസ്റ്ററിൽ നടത്തിയ പരിശോധനയിലാണു ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്നു കണ്ടെത്തിയത്. അടിയന്തരമായി ഡയാലിസിസ് ആരംഭിച്ചു. പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിയുമായിരുന്നില്ല.
ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യപ്രതിസന്ധി ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിക്കുകയും ചെയ്തു.
ആശാവർക്കർ കൂടിയായ ശ്രീദേവി വൃക്ക നൽകാൻ സന്നദ്ധയായി. കരൾദാതാവിനായി ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ശ്രീദേവിയുടെ ഭർത്താവായ വിപിൻ കരൾ നൽകാൻ മുന്നോട്ടുവന്നു. ജോയ് ആലുക്കാസ് എറണാകുളം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരാണു വിപിൻ.
ആസ്റ്ററിലെ ഡോ. മാത്യു ജേക്കബിന്റെയും ഡോ.വി. നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലാണു സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനുംശേഷം ശ്രീനാഥും ശ്രീദേവിയും വിപിനും പൂർണ ആരോഗ്യം വീണ്ടെടുത്തു.