“ഏതു മോശപ്പെട്ട വഴിയിലൂടെയും സഞ്ചരിക്കാൻ ബിജെപിക്കു കഴിയുമെന്ന് തെളിഞ്ഞു”
Wednesday, August 13, 2025 1:00 AM IST
തൃശൂർ: തൃശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതു നേരും നെറിവുമില്ലാത്ത നടപടിയാണെന്നു മന്ത്രി ആർ. ബിന്ദു.
എത്ര മോശപ്പെട്ട മാർഗം ഉപയോഗിച്ചും അധികാരത്തിൽ എത്തിപ്പെടാൻ പരമാവധി ശ്രമം നടത്തുക എന്നതിനാണ് ബിജെപിയും ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. അതിന് എന്തു മോശപ്പെട്ട വഴിയിലൂടെ സഞ്ചരിക്കാനും ബിജെപിക്കു കഴിയുമെന്നു തൃശൂരിൽ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പള്ളികളിൽ നിരന്തരം കയറിയിറങ്ങുകയും കുരുത്തോല പിടിച്ച് പ്രദക്ഷിണം വയ്ക്കുകയും മാതാവിനു കിരീടം വച്ചുകൊടുക്കുകയും ചെയ്ത എംപി, കന്യാസ്ത്രീമാർ ആക്രമിക്കപ്പെടുന്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ ക്രൈസ്തവ ജനത വേട്ടയാടപ്പെടുന്പോഴും ഒരക്ഷരം മിണ്ടാൻ തയാറാകുന്നില്ലെന്നു മന്ത്രി ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദർഭത്തിൽത്തന്നെ പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ ധാരാളം കള്ളവോട്ടുകൾ ചേർക്കപ്പെടുന്നത് എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ആ സന്ദർഭത്തിൽ അതു കണ്ടെത്തിയതിനാല്‍ വോട്ടുകൾ നീക്കം ചെയ്യാൻ സാധിച്ചു. അന്നു പ്രതിരോധിക്കാൻ കഴിയാത്ത ഒരുപാട് വോട്ടുകൾ വ്യാജമായ നിലയിൽ നമ്മുടെ വോട്ടർപട്ടികയിലുണ്ടായി.
എംപിയുടെ സഹോദരനും ഭാര്യയും ഇരട്ടവോട്ടിന്റെ ഉടമസ്ഥരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എംപിയുടെ കുടുംബാംഗങ്ങൾതന്നെ താത്കാലികതാമസത്തിനു വന്നു വോട്ട് ചേർത്തിരിക്കുകയാണെന്നും പലതരത്തിലുള്ള കപടതന്ത്രങ്ങൾ ഇവിടെ നടന്നുവെന്നു തെളിവുകൾസഹിതം പുറത്തുവന്നുകഴിഞ്ഞെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.