എം.വി. ജയരാജന് സി. സദാനന്ദൻ എംപിയുടെ മറുപടി
Wednesday, August 13, 2025 1:00 AM IST
കണ്ണൂർ: കമ്യൂണിസ്റ്റുകാരെ കള്ളക്കേസിൽ കുടുക്കി വിലസി നടക്കാമെന്നു വ്യാമോഹിക്കേണ്ടെന്ന സിപിഎം നേതാവ് എം.വി. ജയരാജന്റെ പ്രസംഗത്തിനു ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിനൽകിക്കൊണ്ട് സി. സദാനന്ദൻ എംപി. ഇനിയും വിലസി നടക്കും. തന്നെ തടയാൻ ജയരാജന്റെ സൈന്യം മതിയാവില്ലെന്നാണ് എംപി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം മട്ടന്നൂരിൽ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കള്ളക്കേസിൽ കുടുക്കിയാണ് സി.സദാനന്ദൻ വധക്കേസിൽ സിപിഎമ്മുകാരെ ജയിലലടച്ചതെന്നും അവർ നാടിനു വേണ്ടി പോരാടിയവരാണെന്നുമായിരുന്നു എം.വി. ജയരാജൻ പറഞ്ഞിരുന്നത്. കൂടാതെ കമ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപി സ്ഥാനവും നേടി വിലസി നടക്കാമെന്ന് ആരും കരുതേണ്ടെന്നും എം.വി. ജയരാജൻ പറഞ്ഞിരുന്നു.
“സിപിഎമ്മുകാരെ ശിക്ഷിച്ചത് രാജ്യത്തെ സർവോന്നത കോടതിയാണ്. ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല. അനേകായിരം കുടുംബങ്ങളുടെ ആശീർവാദം എന്നോടൊപ്പമുണ്ട്. ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വച്ചാൽ മതി’’- എംപിയുടെ കുറിപ്പിൽ പറയുന്നു.