നിയമനത്തിൽ അനീതി ; സർക്കാർ ഉത്തരവ് അറബിക്കടലിലൊഴുക്കി അധ്യാപകരുടെ പ്രതിഷേധം
Wednesday, August 13, 2025 1:00 AM IST
മാവേലിക്കര: ഭിന്നശേഷി സംവരണ വിഷയത്തിൽ കോടതിവിധി അനുകൂലമായിട്ടും അധ്യാപക നിയമനത്തിന് അംഗീകാരം നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സർക്കാർ ഉത്തരവ് അറബിക്കടലിലൊഴുക്കി അധ്യാപകരുടെ പ്രതിഷേധം.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് അധ്യാപകർ സർക്കാരിന്റെ ഉത്തരവിലെ അനീതി ചൂണ്ടിക്കാട്ടി ഉത്തരവ് അഴീക്കൽ അറബിക്കടലിൽ ഒഴുക്കി പ്രതിഷേധിച്ചത്.
വിഷയത്തിൽ എൻഎസ്എസിന് കിട്ടിയ സുപ്രീംകോടതി വിധി മറ്റ് സമാനസ്വഭാവത്തിൽപ്പെട്ട സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും സംസ്ഥാന സർക്കാർ കാട്ടുന്ന അനീതിപരമായ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കോടതിവിധി മറ്റ് മാനേജ്മെന്റുകൾക്ക് ബാധകമല്ലെന്ന സർക്കാരിന്റെ ഉത്തരവാണ് അഴീക്കൽ ബീച്ചിലെ അറബിക്കടലിൽ ഒഴുക്കി അധ്യാപകർ പ്രതിഷേധിച്ചത്. മാവേലിക്കരയിൽ നടന്ന കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ക്യാമ്പിന്റെ സമാപനത്തിലായിരുന്നു പ്രതിഷേധം.
വിഷയത്തിൽ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാരും കോർപറേറ്റ് മാനേജർമാരും ഗിൽഡ് അംഗങ്ങളും ഒത്തൊരുമിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗിൽഡ് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി അറയ്ക്കൽ, സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, സെക്രട്ടറി ജി.ബിജു, റോബിൻ മാത്യു, സി.എ. ജോണി, സി.ജെ. ആന്റണി, പി. ബിജു, ഷൈനി കുര്യാക്കോസ്, ഫെലിക്സ് സുഭാഷ് മാത്യു, സി.ടി. വർഗീസ്, കെ.ജി. സാബു, സാൻ ബേബി, നീതു യോഹന്നാൻ, ബിബിൻ വൈദ്യൻ, ജിജി യോഹന്നാൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി